ബ്രഹ്മപുരത്തിന് ഹരിത ട്രൈബ്യൂണൽ പിഴയിടുന്നത് രണ്ടാം തവണ

Sunday 19 March 2023 12:34 AM IST

ആദ്യത്തെ പിഴ 1 കോടി

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിലെ അശാസ്ത്രീയമായ പ്രവർത്തനങ്ങളുടെ പേരിൽ ദേശീയ ഹരിത ട്രൈബ്യൂണൽ രണ്ടാം തവണയാണ് കൊച്ചി നഗരസഭയ്ക്ക് പിഴ ചുമത്തുന്നത്. മുമ്പ് ഒരു കോടി രൂപ പിഴ ചുമത്തിയതിനെതിരെ നഗരസഭയുടെ ഹർജിയിൽ അനുവദിച്ചിരുന്ന സ്റ്റേ ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

2013 മുതൽ ബ്രഹ്മപുരം പ്ളാന്റിനെതിരെ ട്രൈബ്യൂണലിൽ കേസുകളുണ്ട്. പ്ളാന്റിന്റെ അശാസ്ത്രീയമായ പ്രവർത്തനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസി ജിത്ത് കുമാർ ഉൾപ്പെടെയുള്ളവരാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യവസ്ഥകൾ ലംഘിച്ചെന്നു വിലയിരുത്തി നഗരസഭാ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്ന് ഈ ഹർജികളിൽ ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. 2016ലെ ഈ ഉത്തരവിനെതിരെ നഗരസഭ നൽകിയ ഹർജിയും ഹൈക്കോടതിയിലുണ്ട്.

ഒരു കോടി പിഴ വന്ന വഴി

ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണത്തിൽ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ ട്രൈബ്യൂണൽ ഇതിന്റെ പൂർണ ഉത്തരവാദിത്വം നഗരസഭയ്ക്കാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2018 ഒക്ടോബർ 22ന് ഒരുകോടി രൂപ പിഴ ചുമത്തിയത്.

പിഴത്തുകയുടെ പകുതി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലും ബാക്കി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലും കെട്ടിവയ്ക്കണം. ഇതിനുപുറമെ, പെർഫോമൻസ് ഗാരന്റിയായി മൂന്നു കോടി രൂപ 15 ദിവസത്തിനകം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽ കെട്ടിവയ്ക്കാനും ഉത്തരവിട്ടിരുന്നു. ആറുമാസത്തിനുള്ളിൽ ബ്രഹ്മപുരത്ത് പുതിയ ഖരമാലിന്യ സംസ്കരണ പ്ളാന്റുണ്ടാക്കണമെന്നും സമയക്രമം പാലിക്കണമെന്നും നിർദ്ദേശിച്ചു.സമയക്രമം പാലിച്ചില്ലെങ്കിൽ പദ്ധതി പൂർത്തിയാകുന്നതുവരെ ദിവസവും രണ്ടു ലക്ഷം രൂപ പിഴയൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി. ഇതിനെതിരെയും നഗരസഭ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇനി ഹൈക്കോടതിയിൽ

ഒരു കോടി പിഴ ചുമത്തിയതും, ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഉത്തരവും ചോദ്യം ചെയ്ത് നഗരസഭ നൽകിയ ഹർജികൾ ഇപ്പോൾ ജസ്റ്റിസ്‌മാരായ എസ്.വി. ഭട്ടി, ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിലുണ്ട്. ഈമാസം 21നു ഇവ പരിഗണിക്കും. നൂറു കോടി പിഴയിട്ട പുതിയ ഉത്തരവിനെതിരെയും നഗരസഭ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.