പ്ളാസ്റ്റിക് മലയിലെ പോരാട്ടം പുസ്തകമാക്കാൻ സതീശൻ

Sunday 19 March 2023 12:30 AM IST
ബ്രഹ്മപുരത്തെ തീയണഞ്ഞ സന്തോഷത്തിൽ തൃക്കാക്കര ഫയർഓഫീസർ കെ.എൻ. സതീശനെ സഹപ്രവർത്തകർ തോളിലേറ്റിയപ്പോൾ

കൊച്ചി: ''ബ്രഹ്മപുരത്ത് എത്തുമ്പോൾ ആളിക്കത്തുകയായിരുന്നു മാലിന്യമല. ഒറ്റനോട്ടത്തിൽ തന്നെ കാര്യങ്ങൾ കൈവിട്ടുപോയെന്ന് തിരിച്ചറിഞ്ഞു. സഹപ്രവർത്തകരുടെ ആത്മവിശ്വാസം കെടുത്താതെ ദ്രുതഗതിയിൽ ആക്ഷൻ പ്ലാനുകൾ തയ്യാറാക്കി. പ്രതിസന്ധികൾ ഒത്തിരിയുണ്ടായെങ്കിലും എല്ലാം സേന ഒറ്റക്കെട്ടായി നേരിട്ടു. ഒടുവിൽ അവസാന കനലും കെട്ടടങ്ങിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി. എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അപ്പോൾ...""

ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീയണയ്ക്കൽ ദൗത്യത്തിന് നേതൃത്വം നൽകിയ തൃക്കാക്കര ഫയർസ്റ്റേഷൻ ഓഫീസറും കൂത്താട്ടുകുളം സ്വദേശിയുമായ കെ.എൻ. സതീശന്റെ ഈ വാക്കുകൾ കേരള ഫയർഫോഴ്സിന്റെ കരുത്ത് തെളിയിക്കുന്ന പുസ്തകത്തിന്റെ ഭാഗമാകും. പൊരിവെയിലിനോടും രൂക്ഷഗന്ധത്തോടും പടവെട്ടിയ 12 ദിവസത്തെ അനുഭവമാണ് 19 വർഷം സർവീസുള്ള സതീശൻ പുസ്തകമാക്കുന്നത്.

വിഷപ്പുകയിൽ നിന്ന് കൊച്ചിയെ രക്ഷിച്ച 'മിഷൻ സേവ് ബ്രത്ത് "എന്ന, സംസ്ഥാനത്തെ സേനയുടെ ചരിത്രത്തിന്റെ ഏറ്രവും വലിയ രക്ഷാദൗത്യത്തെക്കുറിച്ച് ഫയർഫോഴ്സിന്റെ ഭാഗമാകുന്നവർക്കും ഫയർഫോഴ്സിനെക്കുറിച്ച് പഠിക്കുന്നവർക്കും അറിവുപകരുകയാണ് സതീശന്റെ ലക്ഷ്യം. പുകയേറ്റുണ്ടായ ശാരീരികബുദ്ധിമുട്ടുകളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് സതീശൻ. ജോലിയിൽ തിരികെ പ്രവേശിക്കുന്നതോടെ എഴുത്തിനും തുടക്കമിടും. പുസ്തകം ഒരു ഫയർ റിപ്പോർട്ടിന് സമാനമായിരിക്കുമെങ്കിലും എല്ലാ ഉദ്യോഗസ്ഥരുടെയും അനുഭവങ്ങൾ ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്. ജില്ലാ ഫയർ ഓഫീസിന്റെ പിന്തുണയുമുണ്ട്.

സുനാമി കണക്കെയുയർന്ന തീ സമീപത്തെ ഷെഡ്ഡി​ലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലാണ് ആദ്യം സ്വീകരിച്ചത്. മാലി​ന്യമലയി​ലെ അധികവും പ്ലാസ്റ്റിക്കായതിനാൽ വെള്ളം പമ്പ് ചെയ്ത് തീയണയ്ക്കുക പ്രയാസമായിരുന്നു.

റീജിയണൽ ഫയർ ഓഫീസർ സുജിത് കുമാർ, ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ എന്നിവരുടെ പിന്തുണയും ലഭിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായി. എക്സ്‌കവേറ്റർ ഉപയോഗിച്ച് മാലിന്യക്കൂമ്പാരം വിവിധ ഭാഗങ്ങളായി തിരിച്ചെങ്കിലും വെള്ളത്തിന്റെ ദൗർലഭ്യം തിരിച്ചടിയായി. കുളം കുത്തിയാണ് പരിഹാരം കണ്ടത്. കടമ്പ്രയാറിന് ചേർന്നുള്ള ഭാഗത്തെ തീയണയ്ക്കാൻ രാത്രി പോകവെ ചതുപ്പിലേക്ക് വീണെങ്കിലും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു.

ഒമ്പത് വർഷം കേരള പൊലീസിലും സേവനമനുഷ്ഠിച്ചിട്ടുണ്ട് സതീശൻ. ഗായത്രിയാണ് ഭാര്യ. വാണി സരസ്വതി, ആര്യ ലക്ഷ്മി, ഗൗരി പാർവതി എന്നിവരാണ് മക്കൾ.

പൊലീസിലെയും ഫയർഫോഴ്സിലെയും അനുഭവമാണ് തളരാതെ പിടിച്ചുനിറുത്തിയത്. ഞങ്ങൾക്ക് ലഭിച്ച കൈയടികളും അഭിനന്ദനങ്ങളുമെല്ലാം സേനയ്ക്കുള്ളതാണ്.

- കെ.എൻ. സതീശൻ