മെലിഞ്ഞ് മെലിഞ്ഞ് വേമ്പനാട് കായൽ 120 വർഷത്തിനുള്ളിൽ നികത്തിയത് 158.7 ചതുശ്ര കിലോമീറ്റർ

Sunday 19 March 2023 12:30 AM IST
വേമ്പനാട്ട് കായൽ പഠന റിപ്പോർട്ട് പ്രകാശന ചടങ്ങ് കുഫോസ് വൈസ് ചാൻസല‍ർ ഡോ.റോസലിൻറ് ജോ‍ർജ്ജ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: 120 വർഷം കൊണ്ട് വേമ്പനാട് കായലിന്റെ ജലസംഭരണ ശേഷി 85.3 ശതമാനം കുറഞ്ഞതായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) പഠനം. 1900 ൽ 2617.5 മില്യൺ ക്യൂബിക് മീറ്ററായിരുന്ന സംഭരണണ ശേഷി 2020ൽ 387.87 മില്യൺ ക്യൂബിക് മീറ്ററായി കുറഞ്ഞു. കൈയേറ്റവും മലിനീകരണവുമാണ് ഇതിനുള്ള പ്രധാനകാരണം.

കേരള സർക്കാരിന്റെ നിർദ്ദേശ പ്രകാരം കുഫോസിലെ സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സസ് മാനേജ്മെന്റ് ആൻഡ് കൺസർവേഷൻ അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കിയ പഠനത്തിലാണ് കണ്ടെത്തൽ. 1900ൽ 365 ചതുരശ്രകിലോമീറ്ററായിരുന്ന കായൽ വിസ്തൃതി 2020ൽ 206.30 ചതുരശ്രകിലോമീറ്ററായി കുറഞ്ഞതായി പഠനത്തിന് നേതൃത്വം നൽകിയ ഡോ. വി.എൻ. സഞ്ജീവൻ പറഞ്ഞു. കായലിന്റെ അടിത്തട്ടിലെ മാലിന്യത്തിൽ 3005 ടൺ പ്ളാസ്റ്റിക്കാണ്.

തണ്ണീർമുക്കം ബണ്ടിന്റെ തെക്കുഭാഗത്ത് 1930ൽ ശരാശരി 8 മീറ്റർ ആഴമുണ്ടായിരുന്നു. ഇപ്പോഴത് 1.8 മീറ്ററായി കുറഞ്ഞു. ബണ്ടിന്റെ വടക്ക് ഭാഗത്ത് ശരാശരി ആഴം 8.5 മീറ്റർ ആയിരുന്നത് 2.87 മീറ്ററായി കുറഞ്ഞു. 1980ൽ 150 മത്സ്യ സ്പീഷ്യസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് ഇപ്പോൾ 90 സ്പീഷ്യസുകൾ മാത്രമാണുള്ളത്.

വേമ്പനാട്ട് കായലിൽ വന്നുചേരുന്ന മീനച്ചൽ, പമ്പ, അച്ചൻകോവിൽ നദീതടങ്ങളിലും കായലിന്റെ ഭാഗമായ കുട്ടനാട്ടിലും പ്രളയം രൂക്ഷമാക്കിയത് കായലിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകിപ്പോകേണ്ട ഔട്ട്ലറ്റുകളും കനാലുകളും പ്രവർത്തനക്ഷമമല്ലാത്തതുകൊണ്ടാണ്. അഴീക്കലിലും അന്ധകാരനഴിയിലുമായി

ദേശീയപാതയ്ക്ക് അടിയിലൂടെ ടണൽ സ്ഥാപിച്ച് തടാകത്തിന് കടലുമായുള്ള ബന്ധം പുനസ്ഥാപിക്കാം. തണ്ണീർമുക്കം ബണ്ടിനെ ആശ്രയിക്കുന്നത് പടിപടിയായി കുറയ്ക്കാനും ദീർഘകാലടിസ്ഥാനത്തിൽ ബണ്ട് വർഷം മുഴുവൻ തുറക്കാനും റിപ്പോർട്ട് നിർദ്ദേശിച്ചു.