ആഘോഷമായി " സമം" സാംസ്കാരികോത്സവം

Sunday 19 March 2023 12:36 AM IST
സമം

കോഴിക്കോട് : " സമം" സാംസ്കാരികോത്സവം രണ്ടാംദിനം ശ്രദ്ധേയമായി. വിവിധ പരിപാടികൾ അരങ്ങേറി. പരിപാടികളുടെ ഉദ്ഘാടനം എം.കെ രാഘവൻ എം.പി ടൗൺഹാളിൽ നിർവഹിച്ചു. 'സോഷ്യൽ മീഡിയയും ജനാധിപത്യ ബോധവും' എന്ന വിഷയത്തിൽ വികസന പഠന സ്കൂൾ തുഞ്ചത്ത് എഴുത്തച്ഛൻ സ്മാരക മലയാള സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. മല്ലിക എം.ജി വിഷയാവതരണം നടത്തി. കോഴിക്കോട് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സോണിയ മോഡറേറ്റർ ആയിരുന്നു. 'വർത്തമാന കുടുംബം: സമീപനവും കാഴ്ചപ്പാടും' എന്ന വിഷയത്തിൽ കെ. ഇ. എൻ കുഞ്ഞഹമ്മദ് വിഷയാവതരണം നടത്തി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ ശ്രീരഞ്ജിനി ജി മോഡറേറ്റർ ആയിരുന്നു. തുടർന്ന് യാസർ കുരിക്കളും സംഘവും അവതരിപ്പിച്ച കോൽക്കളി, ദഫ് മുട്ട്, ഒപ്പന എന്നിവ അരങ്ങേറി. വി. എം വിനു സംവിധാനം ചെയ്ത 'പെൺപട്ടണം' എന്ന സിനിമയുടെ പ്രദർശനവും സഫ്‌ദർ ഹഷ്മി നാടകസംഘത്തിന്റെ 'ഒറ്റമൈന' എന്ന നാടകവും അവതരിപ്പിച്ചു. കുമാരി എസ്. മീനാക്ഷി നാടോടി നൃത്തവും സുസ്മിത ഗിരീഷ് ഗസൽ രാവും അവതരിപ്പിച്ചു. സ്ത്രീ സമത്വത്തിനുവേണ്ടി സാംസ്കാരിക മുന്നേറ്റം എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന സമം സാംസ്കാരിക ഉത്സവം ഇന്ന് സമാപിക്കും.