മാലിന്യ സംസ്കരണം; സൂര്യപേട്ടയേയും നാമക്കല്ലിനേയും കണ്ടുപഠിക്കണം

Sunday 19 March 2023 12:43 AM IST

ന്യൂഡൽഹി: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ സൂര്യ പേട്ടിലെയും തമിഴ്നാട്ടിലെ നാമക്കല്ലിലെയും ഡസ്റ്റ് ബിൻ ഫ്രീ സീറോ ഗാർബേജ് ടൗണുകളെ കുറിച്ച് കേരളമടക്കമുള്ള മറ്റ് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പോയി പഠിക്കണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. സംസ്ഥാനത്തിന്റെയോ കേന്ദ്രത്തിന്റെയോ സാമ്പത്തിക സഹായമില്ലാതെ മാനേജ്മെന്റ് വൈദഗ്ദ്ധ്യത്തോടെയാണ് ഇവയുടെ പ്രവർത്തനം. ബ്രഹ്മപുരം തീ പിടിത്ത വിഷയത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴ ചുമത്തിയ ഉത്തരവിലാണ് ട്രൈബ്യൂണൽ നിർദ്ദേശം.

2004ലെ സുപ്രീം കോടതി ഉത്തരവിന്റെ ഫലമായി മഹാരാഷ്ട്രയിൽ ഖരമാലിന്യ സംസ്കരണ പദ്ധതികൾ 32% ൽ നിന്ന് 98 % മായും ഗുജറാത്തിൽ 58% ൽ നിന്ന് 92% മായും മദ്ധ്യപ്രദേശിൽ പൂജ്യത്തിൽ നിന്ന് 34% മായും വർദ്ധിച്ചു. ഈ വിജയവും പഠിക്കണം. ആധുനിക ഖരമാലിന്യ പ്ലാന്റുകൾ സ്ഥാപിച്ച് തീ പിടിക്കുന്ന വസ്തുക്കളും നശിക്കാത്ത മാലിന്യവും ബയോ മൈനിംഗ് വഴി സംസ്കരിക്കണം. പാൽ, മുട്ട, മാംസം, മുലപ്പാൽ എന്നിവയിലെ ഡയോക്സിന്റെ അളവ് വിശകലനം ചെയ്യണം.