നെടുമ്പാശേരി മുനിസിപ്പാലിറ്റി? ഉദയംപേരൂർ രണ്ടാകും
തൃക്കാക്കര: ജില്ലയിൽ പുതുതായി 13 പഞ്ചായത്തുകൾക്കും ഒരു മുനിസിപ്പാലിറ്റിക്കും സാദ്ധ്യത തെളിയുന്നു. നെടുമ്പാശേരി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായേക്കും. ജൂലായ് 30ന് മുമ്പ് തീരുമാനം കൈക്കൊള്ളാൻ പഞ്ചായത്ത് രൂപീകരണ സമിതിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വലിയ പഞ്ചായത്തുകൾ വിഭജിക്കുന്ന നടപടി പൂർത്തിയായാൽ മാത്രമേ വാർഡ് വിഭജനം തുടങ്ങാനാകൂ. പുതിയ പഞ്ചായത്ത് രൂപീകരണ കാര്യത്തിൽ എൽ.ഡി.എഫിന്റെ രാഷ്ട്രീയ നിലപാടുകളും നിർണായകമാകും.
• വാർഡ് പുനർവിഭജനം
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് വാർഡ് പുനർവിഭജനം നടത്തിയിരുന്നില്ല. അടുത്ത തിരഞ്ഞെടുപ്പിനു മുൻപ് വിഭജനം വേണമെന്നാണ് സർക്കാരിന്റെയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നിലപാട്. പരാതിരഹിതമായ പുനർവിഭജനത്തിന് ഒരു വർഷം സാവകാശം വേണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. ഇതിനായി ഡി ലിമിറ്റേഷൻ കമ്മിഷനെ സർക്കാർ നിയോഗിക്കണം.
ത്രിതല പഞ്ചായത്തുകളുടെ വാർഡ് പുനർവിഭജനത്തിനാണ് ഏറെ സമയംവേണ്ടിവരിക. ഗ്രാമപഞ്ചായത്തുകളിൽ പൂർത്തിയായാലേ ബ്ലോക്ക് പഞ്ചായത്തുകളിൽ തുടങ്ങാനാകു. ഇതും കഴിഞ്ഞുവേണം ജില്ലാ പഞ്ചായത്ത് വാർഡ് വിഭജനം.
വാർഡ് അതിർത്തികളുടെ കരട് പട്ടിക തയ്യാറാക്കൽ, പരാതി സ്വീകരിക്കൽ, തീർപ്പാക്കൽ, അപ്പീൽ സ്വീകരിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. തിരഞ്ഞെടുപ്പിന് ഒന്നര വർഷം മുമ്പെങ്ങിലും വാർഡ് വിഭജന നടപടി തുടങ്ങാനാണ് ആലോചന.
• പട്ടിക പഴയതുതന്നെ
ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ 21 പഞ്ചായത്തുകളെ പിളർത്തിപുതിയ പഞ്ചായത്തുകൾ രൂപീകരിക്കണമെന്ന നിർദേശം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് ഉയർന്നതാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അന്നു തയാറാക്കിയ പട്ടിക തന്നെയാകും ഇത്തവണയും പരിഗണിക്കുക. പുതുതായി ജനസംഖ്യ കൂടയിട്ടുണ്ടെങ്കിൽ ആ പഞ്ചായത്തുകളുടെ വിഭജനവും പരിഗണിക്കും.
• പരിഗണനയിലുള്ള പുതിയ പഞ്ചായത്തുകൾ
(പഴയവ ബ്രാക്കറ്റിൽ)
• പുതുവൈപ്പ് (എളങ്കുന്നപ്പുഴ)
• കണ്ടനാട് (ഉദയംപേരൂർ)
• എടയാർ (ആലങ്ങാട്, കടുങ്ങല്ലൂർ)
• മന്നം (കോട്ടുവള്ളി, ചിറ്റാറ്റുകര, ചേന്ദമംഗലം, കരുമാലൂർ)
• ചെറായി (പള്ളിപ്പുറം)
• നേര്യമംഗലം (കവളങ്ങാട്, കുട്ടമ്പുഴ)
• തൃക്കാരിയൂർ (നെല്ലിക്കുഴി, കോട്ടപ്പടി, പിണ്ടിമന)
• പട്ടിമറ്റം (കിഴക്കമ്പലം, കുന്നത്തുനാട്)
• അറയ്ക്കപ്പടി (വെങ്ങോല)
• ഐരാപുരം (മഴുവന്നൂർ)
• കുറുപ്പംപടി (രായമംഗലം)
• മുളവൂർ (പായിപ്ര)
• അശോകപുരം (എടത്തല, കീഴ്മാട്, ചൂർണിക്കര)