സമ്മർദ്ദതന്ത്രങ്ങളുമായി ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ്
കോഴിക്കോട്: തിരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്ന വിധത്തിൽ സമ്മർദ്ദതന്ത്രവുമായി മറുപക്ഷം നിൽക്കെ ചില വഴങ്ങലുകൾക്കും ഉൾപ്പെടുത്തലുകൾക്കുമൊടുവിൽ സംസ്ഥാന കമ്മിറ്റിയെയും ജനറൽ സെക്രട്ടറിയെയും തിരഞ്ഞെടുക്കാനായതിന്റെ ആശ്വാസത്തിലാണ് മുസ്ലിം ലീഗ്. ഇന്നലെ കോഴിക്കോട്ട് ചേർന്ന സംസ്ഥാന കൗൺസിൽ തുടങ്ങുമ്പോൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാവുമോ എന്ന ആകാംക്ഷ നേതാക്കൾക്കും കൗൺസിലർമാർക്കും ഉണ്ടായിരുന്നു. എന്നാൽ, പിന്നീട് നടന്ന കൂടിയാലോചനകളും പാണക്കാട് കുടുംബത്തെ മുൻനിറുത്തിയുള്ള തന്ത്രങ്ങളും കൂട്ടിച്ചേർക്കലുകളും കാര്യങ്ങൾ സമവായത്തിലേക്ക് എത്തിച്ചു.
ആദ്യം 31 ആയിരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം ചർച്ചയ്ക്കൊടുവിൽ 37 ആക്കി ഉയർത്തി. അഞ്ച് സ്ഥിരം ക്ഷണിതാക്കളെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും അത് ഏഴായി ഉയർന്നു.
പി.എം.എ. സലാമിനായി പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ നിലയുറപ്പിച്ചപ്പോൾ പാർട്ടിയിൽ ബദലായി ഉയർന്നുവരുന്ന വിഭാഗം എം.കെ. മുനീറിനായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വരെ മത്സരിക്കുമെന്ന സൂചനയായിരുന്നു മുനീർ പക്ഷത്തുനിന്നുണ്ടായത്. സമവായ സന്ദേശവുമായി വീട്ടിലെത്തിയവരോടും മുനീർ മത്സരത്തിന്റെ സൂചനയാണ് നൽകിയത്.
നേരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുകയും ലീഗിന്റെ സീറ്റ് പിടിച്ചെടുക്കുകയും ചെയ്ത പി.എം.എ. സലാം ലീഗിലെത്തിയപ്പോഴുള്ള വളർച്ച പെട്ടെന്നായിരുന്നു. പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഇതിന് പിന്നിലെന്നാണ് മറുവിഭാഗം വിലയിരുത്തുന്നത്. സലാമിന്റെ ലീഗ് വിരുദ്ധ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കീഴ്വഴക്കം തെറ്റിച്ച് മത്സരം ഉണ്ടായാൽ സാദിഖലി തങ്ങളുടെ നേതൃത്വത്തിന്റെ പരാജയമായി വിലയിരുത്തുന്ന സാഹചര്യവും പാണക്കാട് കുടുബത്തിന്റെ പ്രാധാന്യം എതിരാളികൾ കുറച്ച് കാണിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഈ വിഷയത്തിൽ ഊന്നിയായിരുന്നു സലാമിനായുള്ള നീക്കങ്ങൾ. അത് വ്യക്തമാക്കുന്ന പ്രസംഗമായിരുന്നു ഇന്നലെ രാവിലെ കാലാവധി പൂർത്തിയായ കൗൺസിലിന്റെ അവസാന യോഗത്തിൽ അദ്ദേഹം നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെ ശക്തിപ്പെടുത്താൻ ജനറൽ സെക്രട്ടറി സ്ഥാനത്തിരുന്ന് നടത്തിയ ഇടപടലുകൾ വ്യക്തമാക്കുന്നതിനൊപ്പം 'അള്ളുവയ്ക്കുന്നവരെ നേരിടും" എന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി. തിരുവനന്തപുരത്തും എറണാകുളത്തും കമ്മിറ്റി തിരഞ്ഞെടുപ്പിനെതിരെ നൽകിയ കേസ് പരാമർശിച്ച അദ്ദേഹം ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളയുന്ന കേസുകൾ തീർപ്പാക്കുന്ന കോടതിയാണ് പാണക്കാട്ടെ കോടതിയെന്നും പറഞ്ഞു. കേസുകൊടുത്തവർ മുസ്ലിം ലീഗിൽ ഉണ്ടാവാൻ പാടില്ലെന്നും വ്യക്തമാക്കി.