മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനം ഭൂമി ഏറ്റെടുക്കൽ ഉടനെ പൂർത്തിയാകും; മന്ത്രി റിയാസ് 

Sunday 19 March 2023 12:03 AM IST
മന്ത്രി റിയാസ്

കോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് വികസനമ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിച്ച് ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ഉടനെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മുടങ്ങി കിടക്കുന്ന പദ്ധതികളുടെ കുരുക്കഴിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ എത്രയും വേഗത്തിൽ യാഥാർത്ഥ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം. മാനാഞ്ചിറ വെള്ളിമാട് കുന്ന് റോഡിന്റെ മുഖഛായ തന്നെ മാറുന്ന വിധത്തിൽ വികസന പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. എരഞ്ഞിപ്പാലം ഭവന നിർമ്മാണ സഹകരണ സംഘം റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിൽ വാഹന പെരുപ്പം അനുഭവിക്കുന്ന സാഹചര്യത്തിൽ പുതിയ റോഡ് ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ എം .എൽ. എ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ 2020-21, 2021-22 വർഷങ്ങളിലെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തിയാണ് കോർപ്പറേഷൻ അറുപത്തിയൊമ്പതാം വാർഡിലെ എരഞ്ഞിപ്പാലം ഭവന നിർമ്മാണ സഹകരണ സംഘം റോഡ് നവീകരണം പൂർത്തീകരിച്ചിരിക്കുന്നത്.

വാർഡ് കൗൺസിലർ നവ്യ ഹരിദാസ് , ഹൗസ്ഫെഡ് ഡയറക്ടർ ടി. സുജൻ, ഭവന നിർമ്മാണ സഹകരണ സംഘം പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ, കോളനി ഓണേഴ്സ് അസോ. പ്രസിഡന്റ് അഡ്വ പി. എസ്. എം. മുസ്തഫ, ഡയറക്ടർ കെ .ബി .എൻ .എസ് .എസ് എരഞ്ഞിപ്പാലം ഡോ. എസ്. ശ്രീകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ. ഹാഷിം സ്വാഗതവും അസിസ്റ്റന്റ് എൻജിനീയർ ദിനേശൻ പി. പി. നന്ദിയും പറഞ്ഞു.