ക്രെഡിറ്റ് സ്വീസിനെ യുബിഎസ് ഗ്രൂപ്പ് ഏറ്റെടുത്തേക്കും
സൂറിച്ച്: ഗുരുതര പ്രതിസന്ധി നേരിടുന്ന സ്വിറ്റ്സലൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വീസിനെ ഏറ്റെടുക്കാൻ ബഹുരാഷ്ട്ര ഇൻവെസ്റ്റ്മെന്റ് ബാങ്കായ യുബിഎസ് ഗ്രൂപ്പ് തയ്യാറായേക്കുമെന്ന് റിപ്പോർട്ട്. നിക്ഷേപകരുടെ പിന്തുണ അനുദിനം നഷ്ടമായിക്കൊണ്ടിരിക്കുന്ന ക്രെഡിറ്റ് സ്വീസിനെ, പൂർണമായോ അല്ലെങ്കിൽ ഭാഗികമായി ഏതാനും ബിസിനസ് വിഭാഗങ്ങളെ ഏറ്റെടുക്കാനോ ആണ് യുബിഎസ് ഗ്രൂപ്പിന്റെ നീക്കമെന്നാണ് റിപ്പോർട്ട്.
സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനവും ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക് എന്ന വിശേഷണവും യുബിഎസ് ഗ്രൂപ്പിന് സ്വന്തമാണ്. ലയനം ചർച്ച ചെയ്യുന്നതിനായി സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ രണ്ട് ബാങ്കിംഗ് സ്ഥാപനങ്ങളായ ഈ രണ്ട് ബാങ്കുകളുടേയും ഡയറക്ടർ ബോർഡ് ഉടൻ പ്രത്യേകയോഗം ചേരും.
എന്നാൽ വാർത്തകളോട് പ്രതികരിക്കാൻ ക്രെഡിറ്റ് സ്വീസ്, യുബിഎസ് ഗ്രൂപ്പ് നേതൃത്വങ്ങൾ തയാറായിട്ടില്ല. രണ്ട് ദിവസം മുമ്പ് സ്വിറ്റ്സർലൻഡ് കേന്ദ്രബാങ്ക് അനുവദിച്ച 5,400 കോടി ഡോളറിന്റെ രക്ഷാപാക്കേജിലാണ് ക്രെഡിറ്റ് സ്വീസ് ഗുരുതര പ്രതിസന്ധി തത്കാലത്തേക്ക് മറികടന്നത്.
ലയന വാർത്തകൾ പുറത്തു വന്നതോടെ ക്രെഡിറ്റ് സ്വീസിന്റെ ഓഹരി വിലയിൽ 9 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി.167 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ധനകാര്യ സ്ഥാപനമാണ് ക്രെഡിറ്റ് സ്വീസ്. അമേരിക്കൻ ബാങ്കുകളായ സിലിക്കൺ വാലി ബാങ്ക്, സിഗ്നേച്ചർ ബാങ്ക് എന്നിവ കഴിഞ്ഞയാഴ്ചയിൽ തകർച്ച നേരിട്ടതിനു പിന്നാലെയാണ് ക്രെഡിറ്റ് സ്വീസിന്റെ പ്രതിസന്ധി ആഗോള വിപണിയെ ആശങ്കയിലേക്ക് തള്ളിവിട്ടത്.