താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർക്കെതിരെ നടപടി വേണമെന്ന് സർവകക്ഷിയോഗം

Sunday 19 March 2023 12:17 AM IST

വണ്ടൂർ: താലൂക്കാശുപത്രി മെഡിക്കൽ ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്, സർവ്വകക്ഷി പ്രതിനിധികൾ വ്യാഴാഴ്ച ആരോഗ്യമന്ത്രിയെ കാണും. ഇന്നലെ വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനം. അതേ സമയം മെഡിക്കൽ ഓഫീസർ ഷീജ പന്തലകത്ത് മേയ് 31 വരെ അവധിയിൽ പ്രവേശിച്ചു.

മെഡിക്കൽ ഓഫീസർക്കെതിരെ നടപടി വേണമെന്നാണ് എല്ലാവരും യോഗത്തിൽ ആവശ്യപ്പെട്ടത്. സി.പി.എം എരിയാ സെക്രട്ടറി ബി. മുഹമ്മദ് റസാഖും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. പ്രഭാകരനും മെഡിക്കൽ ഓഫീസർക്കെതിരെ നടപടി വേണമെന്ന് വ്യക്തമാക്കി. എല്ലാ കാര്യങ്ങൾക്കും കൂടെ നിൽക്കാമെന്ന് എം.എൽ.എയും യോഗത്തിൽ വ്യക്തമാക്കി. ഇത് പ്രകാരം വ്യാഴാഴ്ച സർവകക്ഷി പ്രതിനിധികൾ വ്യാഴാഴ്ച മന്ത്രിയെ കാണും. അതിൽ തീരുമാനം ആയിലെങ്കിൽ ബ്ലോക്ക് പ്രസിഡന്റ് മെഡിക്കൽ ഓഫീസറെ സസ്‌പെന്റ് ചെയ്യും. ഡയാലിസ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ആർ.ഒ പ്ലാന്റിന്റെ നിർമ്മാണം ബുധനാഴ്ച്ച തുടങ്ങും. ബ്ലോക്കിൽ ചേർന്ന സർവകക്ഷി യോഗത്തിൽ എ.പി. അനിൽകുമാർ എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് എൻ.എ. മുബാറക്ക്, വൈസ് പ്രസിഡന്റ് കെ.കെ. സാജിത, ജില്ലാ പഞ്ചായത്തംഗം കെ.ടി. അജ്മൽ, സി.പി.എം ഏരിയാ സെക്രട്ടറി വി. അബ്ദുൾ റസാഖ്, വി.എ.കെ. തങ്ങൾ, കെ. പ്രഭാകരൻ, കാപ്പിൽ മുരളി, ഗിരീഷ് പൈക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.