തിരുവല്ല- നടുവൊടിച്ച് കുഴി
തിരുവല്ല: മനോഹരമായ കെട്ടിടം ഉണ്ടെങ്കിലും ബസ് ഇറങ്ങിപ്പോകുന്ന വഴിയിലെ കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. തിരുവല്ല കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാർഡിലാണ് വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. ഒരുവർഷം മുമ്പ് ഇന്റർലോക്ക് കട്ടകൾ പാകിയശേഷം കോൺക്രീറ്റ് ചെയ്ത ഭാഗത്താണ് കുഴികൾ . ബസ് സ്റ്റേഷന്റെ വടക്കുഭാഗത്ത് ബസുകൾ ഇറങ്ങിപ്പോകുന്ന ഭാഗത്തെ കുഴിയിൽ ചാടിയശേഷമാണ് ഓരോ ബസും എം.സി.റോഡിലേക്ക് ഇറങ്ങുന്നത്. ഇന്റർലോക്ക് ചെയ്ത കട്ടകൾ ഇളകിമാറി കിടക്കുകയാണ്. കുഴികൾ രൂപപ്പെട്ട് ഏറെനാളായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ബസ് ടെർമിനൽ നിർമ്മിച്ചപ്പോൾ സ്ഥാപിച്ച ഇന്റർലോക്ക് കട്ടകളും യാർഡും മറ്റിടങ്ങളിൽ ഇപ്പോഴും ഇളകിയിട്ടില്ല. തട്ടിക്കൂട്ട് പണികൾ നടത്തിയതിനാലാണ് ടെർമിനലിന്റെ വടക്കുഭാഗത്ത് വേഗത്തിൽ കോൺക്രീറ്റ് ഇളകി കുഴികൾ രൂപപ്പെട്ടിട്ടുള്ളതെന്ന് യാത്രക്കാർ ആരോപിച്ചു. ടെർമിനൽ നിർമ്മിച്ചശേഷം മൂന്ന് തവണ ഈഭാഗത്ത് തകർച്ചയിലായിട്ടുണ്ട്.