കെൽട്രോണിന് തിരുപ്പതി സ്മാർട്ട് സിറ്റിയുടെ 180 കോടിയുടെ ഓർഡർ

Sunday 19 March 2023 1:21 AM IST

തിരുവനന്തപുരം: കെൽട്രോൺ എൻ.ഇ.സി കോർപ്പറേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റി കോർപ്പറേഷൻ ലിമിറ്റഡിൽ നിന്ന് 180 കോടി രൂപയുടെ ഓർഡർ ലഭിച്ചു. പാൻ സിറ്റി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സൊല്യൂഷനുകൾ നടപ്പാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും സിറ്റി ഓപ്പറേഷൻസ് സെന്റർ സജ്ജീകരിക്കുന്നതിനുമായാണ് തുക ലഭിക്കുക. 180 കോടിയുടെ പദ്ധതിയിൽ 80 കോടിയുടെ പദ്ധതികൾ കെൽട്രോണാണ് നടപ്പിലാക്കുക.

കെൽട്രോൺ വികസിപ്പിച്ചിട്ടുള്ള അഡാപ്ടീവ് ട്രാഫിക് സിഗ്നൽ കൺട്രോൾ സിസ്റ്റം ഉൾപ്പെടുന്ന ഇന്റലിജൻസ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റമാണ് പ്രധാനമായും ഈ പദ്ധതിയിലുള്ളത്. അതോടൊപ്പം സിറ്റി കൊളോബറേഷൻ പ്ലാറ്റ്‌ഫോമുകൾ (വെബ് പോർട്ടലും മൊബൈൽ ആപ്പുകളും), സ്മാർട്ട് വാട്ടർ സൊല്യൂഷൻസ്, ജിഐഎസ് സൊല്യൂഷൻസ്, സിറ്റി സ്‌പെസിഫിക് സ്മാർട്ട് എലമെന്റുകൾ (പാരിസ്ഥിതിക സെൻസറുകൾ, വേരിയബിൾ മെസേജ് സൈൻബോർഡുകൾ, പബ്ലിക് അഡ്രസ് സിസ്റ്റം മുതലായവ) കെൽട്രോൺ സ്ഥാപിച്ചു നൽകും. നഗരത്തിലെ ഗതാഗത പ്രവർത്തനങ്ങൾ, പൊതു സേവനങ്ങൾ, പൊതു സൗകര്യങ്ങൾ, ആരോഗ്യ വിഭവ സമാഹരണ പരിപാലനം തുടങ്ങിയ സംവിധാനങ്ങളാണ് ഈ ഓർഡറിന്റെ ഭാഗമായി നടപ്പാക്കുക. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, സിറ്റി നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ് ഡാറ്റാ സെന്റർ അധിഷ്ഠിതമായുള്ള ഡിസാസ്റ്റർ റിക്കവറി, മുനിസിപ്പൽ സേവനങ്ങളും പ്രധാന മേഖലകളുടെ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും ഇതിൽപെടുന്നു. തിരുവനന്തപുരത്ത് മൺവിളയിലുള്ള കെൽട്രോൺ കമ്മ്യൂണിക്കേഷൻ കോംപ്ലക്സിലെ ട്രാഫിക് സിഗ്നൽസ് ഡിവിഷനാണ് പദ്ധതിയുടെ നിർവഹണച്ചുമതല. ഒരു വർഷത്തിനുള്ളിൽ ഓർഡർ കെൽട്രോൺ പൂർത്തീകരിക്കും.