ജനലക്ഷങ്ങൾ നിരന്നു,​ സി.പി.എം ജാഥയ്‌ക്ക് ഉജ്വല സമാപനം

Sunday 19 March 2023 1:13 AM IST

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന തുറന്നുകാട്ടാനും സംസ്ഥാന സർക്കാരിന്റെ ബദൽനയങ്ങൾ വിശദീകരിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ കാസർകോട്ട് നിന്നാരംഭിച്ച ജനകീയ പ്രതിരോധ ജാഥയ്‌ക്ക് ജനലക്ഷങ്ങളുടെ പങ്കാളിത്തത്തോടെ ഉജ്വല സമാപനം. ഇന്നലെ വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ചേർന്ന സമാപന സമ്മേളനത്തിൽ നഗരപരിധിയിലെ നാല് മണ്ഡലങ്ങളിൽ നിന്നുള്ള ജനസഞ്ചയം അണിനിരന്നു.

സമാപനസമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കൂടിയായ മന്ത്രി വി. ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു.

സി.പി.എമ്മിന്റെ മുൻനിര നേതാക്കളിൽ പ്രമുഖർ വേദിയിലെത്തി. മുതിർന്ന നേതാവ് എസ്. രാമചന്ദ്രൻ പിള്ള, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി,

കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, തോമസ് ഐസക്, എളമരം കരിം, മന്ത്രി കെ.എൻ. ബാലഗോപാൽ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി. ജോയി, ജില്ലയിലെ പ്രമുഖ നേതാക്കളായ ആനത്തലവട്ടം ആനന്ദൻ, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ടി.എൻ.സീമ, സംസ്ഥാന സമിതിയംഗം എ.എ. റഹിം എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായി. സി.പി.എം സംസ്ഥാന സമിതിയംഗവും മന്ത്രിയുമായ എം.ബി. രാജേഷ് ഉദ്ഘാടന പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ജാഥാ ക്യാപ്റ്റനും അംഗങ്ങൾക്കും വേദിയിൽ പൗരസ്വീകരണവും നൽകി.

കേരളത്തിലെ സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ പ്രതിരോധം ചമയ്ക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്ന തിരിച്ചറിവ് ജനങ്ങൾക്കാകെ ഉണ്ടായതിന് തെളിവാണ് ജാഥയിലെ ഉജ്വല ജനപങ്കാളിത്തമെന്ന് മറുപടിപ്രസംഗത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു. പി.കെ. ബിജു ആയിരുന്നു ജാഥാ മാനേജർ. എം. സ്വരാജ്, സി.എസ്. സുജാത, ജെയ്‌ക് സി. തോമസ്, കെ.ടി. ജലീൽ എം.എൽ.എ എന്നിവർ ജാഥാംഗങ്ങളും.

അമിത്ഷായ്‌ക്കുള്ള മറുപടി

രാഷ്ട്രപതി നൽകി:യെച്ചൂരി

കേരളത്തെക്കുറിച്ച് ദുഷ്പ്രചാരണം അഴിച്ചുവിട്ട കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുള്ള മറുപടിയാണ് കഴിഞ്ഞദിവസം ഇവിടെയെത്തി സംസ്ഥാനത്തെ പ്രകീർത്തിക്കുക വഴി രാഷ്ട്രപതി നൽകിയതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സീതാറാം യെച്ചൂരി പറഞ്ഞു. കേന്ദ്രമന്ത്രിമാരടക്കം പ്രചരിപ്പിക്കുന്ന ദുരാരോപണങ്ങൾക്കെല്ലാം മറുപടി കരുതിവച്ചാണ് താനിവിടെയെത്തിയത്. എന്നാൽ രാഷ്ട്രപതിയുടെ പ്രസംഗത്തോടെ തന്റെ ജോലി എളുപ്പമായെന്നും യെച്ചൂരി പറഞ്ഞു.

Advertisement
Advertisement