ബീറ്റ് ഫോറസ്റ്റ് ഒാഫീസർ, 500 ആദിവാസികൾക്ക് നിയമനം

Sunday 19 March 2023 1:30 AM IST

കൽപ്പറ്റ: സംസ്ഥാനത്ത് ആദിവാസി വിഭാഗത്തിൽപെട്ട 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായി സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ നിയമനം. 21ന് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. എഴുത്ത്, ശാരീരിക ക്ഷമതാ പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പി.എസ്.സി റാങ്ക് പട്ടിക തയ്യാറാക്കിയത്. വനത്തിലും വനാതിർത്തിയിലെ സെറ്റിൽമെന്റുകളിലും താമസിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക, ഉൗരാളി, കുറുമ, കുറിച്യ തുടങ്ങിയ വിഭാഗത്തിലുള്ളവർക്കാണ് നിയമനം.

വയനാട്ടിൽ മാത്രം 170 പേർക്ക് നിയമനം ലഭിക്കും. ഇതിൽ 31പേർ വനിതകളും നാലുപേർ ആന പാപ്പാൻമാരുമാണ്. മുത്തങ്ങ ആനക്യാമ്പ് കാട്ടുനായ്ക്ക കോളനിയിലെ വിജേഷ്, രമേഷ്, രാജേഷ്, ജിഷ്ണു എന്നിവരാണിവർ. തമിഴ്നാട്ടിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് ഇറങ്ങി കൊലവിളി നടത്തിയ പി.എം 2 എന്ന കൊമ്പനെ കീഴടക്കിയ സംഘത്തിൽ ഇൗ നാലുപേരും ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സമാനരീതിയിൽ പൊലീസിൽ 136 പേരെയും എക്സൈസ് ഒാഫീസർമാരായി 17 പേരെയും മെന്റർ അദ്ധ്യാപകരായി 249 പേരെയും നിയമിച്ചിരുന്നു.