പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: സ്‌പെഷ്യൽ ടീം അന്വേഷിക്കും
Sunday 19 March 2023 1:43 AM IST
കൊല്ലം: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി നൽകിയ കത്തിന് കേന്ദ്ര ധനകാര്യ മന്ത്രി ഡോ. ഭഗവത് കാരാട് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫിനാൻഷ്യൽ സർവീസസ് (ഡി.എഫ്.എസ്) സി.ബി.ഐയുമായും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസുമായും (എസ്.എഫ്.ഐ.ഒ) കൂടിയാലോചിച്ചാണ് തീരുമാനം. കേരള ഹൈക്കോടതിയുടെ നിർദേശ പ്രകാരം സംസ്ഥാന സർക്കാരിന്റെയും കൂടി സഹകരണത്തോടെയാണ് നിയമപരമായ നടപടികൾ സ്വീകരിച്ചുവരുന്നത്.
പ്രതികളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചു. പോപ്പുലർ ഫിൻസിന്റെ മറ്റ് പ്രവർത്തനങ്ങളും അന്വേഷിച്ച് വരികയാണെന്ന് മന്ത്രി എം.പിയെ അറിയിച്ചു.