പുനരധിവാസത്തിന് ജില്ലാ പഞ്ചായത്തിന്റെ ഓട്ടിസം വില്ലേജ്

Sunday 19 March 2023 1:50 AM IST

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആർദ്രതീരം എന്ന പേരിൽ ഓട്ടിസം വില്ലേജ് വരുന്നു. ഓട്ടിസം ബാധിതരുടെ കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് വില്ലകളാവും സ്ഥാപിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ പ്രസ് ക്ളബിൽ സംഘടിപ്പിച്ച മീറ്റ് ദി പ്രസിൽ പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുര്യോട്ടുമല, കോട്ടുക്കൽ ഫാമുകളിലോ അധികമായി ഭൂമി വാങ്ങിയോ ആകും ഓട്ടിസം വില്ലേജ് ഒരുക്കുക. തൊഴിൽ പരിശീലനത്തിനും സൗകര്യം ഒരുക്കും. ഒരു ലിറ്റർ കുടിവെള്ളം 10 രൂപക്ക് ലഭ്യമാക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്. പ്രായമായവരുടെ മാനസികോല്ലാസത്തിന് ജില്ലയിലെ 26 ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് വയോജന സെന്ററുകൾ ആരംഭിക്കും. ആവശ്യമെങ്കിൽ വാഹന സൗകര്യവും ഉച്ചഭക്ഷണവും ഒരുക്കും.

ഓണാട്ടുകര വികസന ഏജൻസിയുമായി സഹകരിച്ച് എള്ളെണ്ണ ഉത്പാദിപ്പിക്കാനുള്ള ശ്രമം ആരംഭിക്കും. ദേശീയ തലത്തിലുള്ള മികച്ച കലകൾക്ക് വേദിയൊരുക്കി കൊല്ലത്ത് ആർട്സ് ഫെസ്റ്റ് സംഘടിപ്പിക്കും. ജില്ലാ ആശുപത്രിയിൽ കാൻസർ രോഗം കണ്ടെത്തുന്നതിനായി 2.25 കോടി രൂപ ചെലവിൽ കാൻസർ ഡിറ്റക്ഷൻ മെഷീൻ സ്ഥാപിക്കും. ശാസ്താംകോട്ട കായൽ കേന്ദ്രമാക്കി 40 ലക്ഷം രൂപയുടെ ടൂറിസം പദ്ധതിയുടെ ജോലികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.