എറിഞ്ഞുവീഴ്‌ത്തി സ്‌റ്റാർക്കും ആബട്ടും,​ അടിച്ചൊതുക്കി മാർഷും ഹെഡും; വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് നാണംകെട്ട തോൽവി

Sunday 19 March 2023 5:06 PM IST

വിശാഖപട്ടണം: ബൗളിംഗിൽ സ്‌റ്റാർക്കും ആബട്ടും,​ ബാറ്റിംഗിൽ മിച്ചൽ മാർഷും ട്രാവിസ് ഹെഡും. വിശാഖപട്ടണം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് ഓസ്‌ട്രേലിയയ്‌ക്കെതിരെ നാണംകെട്ട തോൽവി. ടോസ് നേടി ആദ്യം ബൗളിംഗ് തിരഞ്ഞെടുത്ത ഓസീസ് നായകൻ സ്‌റ്റീവ് സ്‌മിത്തിന് ഒരിക്കൽ പോലും തെറ്റിയില്ല. താളം കണ്ടെത്താനാകാതെ ഇന്ത്യൻ ബാറ്റർമാർ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയപ്പോൾ 26 ഓവറിൽ ഇന്ത്യ 117 റൺസിന് എല്ലാവരും പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക് ഇന്ത്യൻ ബൗളർമാർ ഒരു ഭീഷണിയേ ആയില്ല. കേവലം 11 ഓവറിൽ ഓപ്പണർമാരായ മാർഷ് (36 പന്തിൽ 66)​,​ ട്രാവിസ് ഹെഡ് (30 പന്തിൽ 51)​ വിജയലക്ഷ്യം മറികടന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിനിംഗിനിറങ്ങിയ ഇന്ത്യയെ മിച്ചൽ സ്റ്റാർക്കും സീൻ ആബട്ടും പൂട്ടുകയായിരുന്നു. സ്റ്റാർക്ക് അഞ്ചും സീൻ ആബട്ട് മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി. 35 പന്തിൽ 31 റൺസെടുത്ത് വിരാട് കൊഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് ‌സ്‌കോറർ.

മൂന്ന് റൺസിൽ നിൽക്കേയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ശുഭ്‌മാൻ ഗിൽ ആദ്യം പുറത്തായി. രണ്ട് പന്തുകൾ നേരിട്ട ഗിൽ ഒരു റൺസ് പോലും നേടാനാകാതെ പുറത്തായി. തുടർന്ന് രോഹിത് ശർമയും വിരാടും സ്‌കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 15 പന്തിൽ 13 റൺസെടുത്തതിന് പിന്നാലെ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നൽകി രോഹിത് പുറത്താവുകയായിരുന്നു.

ശേഷം ക്രീസിലെത്തിയ സൂര്യകുമാർ യാദവിന് ആദ്യ ഏകദിനത്തിലേതുപോലെ കാര്യമായൊന്നും ചെയ്യാനായില്ല. പിന്നാലെയെത്തിയ കെ എൽ രാഹുലിനും പത്ത് റൺസ് തികയ്ക്കാനായില്ല. സീൻ ആബട്ടിന്റെ പന്തിലാണ് ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും കുൽദീപ് യാദവും മുഹമ്മദ് ഷമിയും പുറത്തായത്. അക്‌സർ പട്ടേൽ 29 പന്തിൽ 29 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നെങ്കിലും വാലറ്റക്കാർ ഒന്നിനുപുറകേ ഒന്നായി മടങ്ങിയതോടെ ഇന്ത്യയ്ക്ക് 26ാം ഓവറിൽതന്നെ കളം വിടേണ്ടി വരികയായിരുന്നു.

Advertisement
Advertisement