'അങ്ങേയ്ക്ക് ഇറച്ചിയും മീനുമൊന്നും വേണ്ടല്ലോ, ഞങ്ങൾക്ക് അതൊക്കെ വേണ്ടത് കൊണ്ട് വലിയ ചെലവാണ്', ഇ എം എസ് പൊട്ടിച്ചിരിച്ച് പറഞ്ഞു 'ഞാനും കഴിക്കും ' വേറിട്ട ഓർമ്മകളുമായി എ കെ ബാലൻ

Sunday 19 March 2023 5:52 PM IST

തിരുവനന്തപുരം: 1980ൽ ഒറ്റപ്പാലത്ത് നിന്ന് ജയിച്ച് പാർലമെന്റിലെത്തിയപ്പോൾ ഇമ്പിച്ചിബാവയ്‌ക്കൊപ്പം ഇ.എം.എസിനെ പോയിക്കണ്ട് എം.പിമാർക്കുള്ള പാർട്ടിലെവി കുറയ്ക്കാനാവശ്യപ്പെട്ട കഥ ഓർക്കുകയാണ് ഇ.എം.എസ് അനുസ്മരണദിനത്തിൽ മുൻമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ എ.കെ. ബാലൻ. ലെവി കുറയ്ക്കുന്ന കാര്യം സൂചിപ്പിച്ചപ്പോൾ ഇ.എം.എസ് പതിവുപോലെ പിശുക്കിയുള്ള ചിരി ചിരിച്ചു. അമ്പോൾ ഇമ്പിച്ചിബാവ പറഞ്ഞു, അങ്ങേയ്ക്ക് ഇറച്ചിയും മീനുമൊന്നും വേണ്ടല്ലോ, കുറച്ച് പച്ചക്കറി മതിയല്ലോ, ഞങ്ങൾക്ക് അതൊക്കെ വേണം, അതുകൊണ്ട് വലിയ ചെലവാണ് എന്ന്. അപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് ഇ.എം.എസ് പറഞ്ഞു, ഞാനും അതൊക്കെ കഴിക്കുമെടോ... ഇ.എം.എസിന്റെ ദീപ്തമായ സ്മരണ ഒരനുഭവം തന്നെയാണെന്നും എ.കെ. ബാലൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. കുറിപ്പ് വിശദമായി:

'ഇ.എം.എസ് എ.കെ.ജി ദിനാചരണത്തിന്റെ ഭാഗമായി എ.കെ.ജി സെന്ററിലെ പാതക ഉയർത്തലിന് ശേഷമാണ് നിയമസഭാ മന്ദിരത്തിന് മുന്നിലുള്ള ഇ.എം.എസ് പാർക്കിലെ പുഷ്പാർച്ചനയിലും അനുസ്മരണത്തിലും പങ്കെടുത്തത്.

ഇ.എം.എസ് വിട പറഞ്ഞിട്ട് 25 വർഷം പിന്നിട്ടു. ആ ദീപ്തമായ സ്മരണ ഒരു അനുഭവം തന്നെയാണ്. സ. ഇ.എം.എസിന്റെ വേദിയിൽ ആദ്യമായി ഞാൻ അധ്യക്ഷം വഹിക്കുന്നത് 1973 ൽ തലശ്ശേരി ബ്രണ്ണൻ കോളേജ് ചെയർമാനായ ഘട്ടത്തിലാണ്. കോളേജ് യൂണിയൻ ഉദ്ഘാടനമായിരുന്നു ചടങ്ങ്. അന്ന് ഇ.എം.എസിനെ കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് കിട്ടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ സഖാക്കൾ പാട്യം ഗോപാലനെയും പിണറായി വിജയനെയും കണ്ട് അഭ്യർത്ഥിച്ചതിന്റെ ഭാഗമായാണ് അദ്ദേഹത്തെ കിട്ടിയത്. എന്നാൽ ഇ.എം.എസിനെ കോളേജ് അങ്കണത്തിൽ കയറ്റില്ല എന്ന് ആക്രോശിച്ചുകൊണ്ട് കെ.എസ്.യു എ.ബി.വി.പി സഖ്യം ശക്തമായ അക്രണണത്തിന് നേതൃത്വം കൊടുത്ത ഘട്ടമായിരുന്നു. കോൺഗ്രസ്സിന്റെ അിറയപ്പെടുന്ന നേതാക്കൾ അതിന്റെ മുന്നിൽ ഉണ്ടായിരുന്നു. പ്രത്യേകിച്ച് മമ്പറം ദിവാകരനെപോലുള്ളവർ. കെ.പി.സി.സിയുടെ ഇന്നത്തെ പ്രസിഡന്റ് കെ. സുധാകരൻ അന്ന് കെ.എസ്.യുവിന്റെ ശത്രുപക്ഷത്തായിരുന്നു. സംഘടനാ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയുടെ നേതാവായിരുന്നു.

സ. പിണാറായിയുടെ നേതൃത്വത്തിലാണ് സ. ഇ.എം.എസ് കോളേജിൽ എത്തുന്നത്. വലിയൊരു സംഘർഷം പ്രതീക്ഷിച്ചിരുന്നതിനാൽ വലിയൊരു വിഭാഗം സഖാക്കളും കൂടെയുണ്ടായിരുന്നു. പക്ഷെ ഒന്നും ഉണ്ടായില്ല. ഇ.എം.എസിന്റെ 35 മിനുട്ട് നീണ്ടുനിന്ന കാച്ചിക്കുറിയ പ്രസംഗം ശ്രദ്ധേയമായി.

പിന്നീട് ഒട്ടേറെ തവണ ഇ.എം.എസിന്റെ വേദിയിൽ സാന്നിദ്ധ്യം ഉറപ്പുവരുത്താൻ കഴിഞ്ഞു. പ്രത്യേകിച്ച് 1980 ൽ ഞാൻ ഒറ്റപ്പാലത്തുനിന്ന് പാർലമെന്റിലേക്ക് മത്സരിക്കുന്ന ഘട്ടത്തിൽ. പിന്നീട് എം.പിയായി ഡൽഹിയിൽ എത്തിയ ഘട്ടത്തിൽ ഇ.എം.എസിനെ കാണാനും സംസാരിക്കാനും സ. ഇമ്പിച്ചി ബാവയോടൊപ്പം ഇ.എം.എസിന്റെ താമസ സ്ഥലത്ത് പോയിട്ടുണ്ട്.

ഒരു അനുഭവം ഇതായിരുന്നു, അന്ന് എം.പിമാരുടെ ശമ്പളത്തിലെ വലിയൊരു ഭാഗം ലെവിയായി പാർടിക്ക് കൊടുക്കണം ഇത് ഭാരിച്ചതായിരുന്നു. ഇത് കുറയ്ക്കണം എന്നുള്ളതായിരുന്നു ഇ.എം.എസിനോടുള്ള അഭ്യർത്ഥന. അപ്പോൾ തന്നെ ഒരു പിശുക്കുള്ള ചിരി ഇ.എം.എസിൽ നിന്ന് ഉണ്ടായി. ഇമ്പിച്ചിബാവ ഇ.എം.എസിനോട് പറഞ്ഞു ഭഭഅങ്ങയ്ക്ക് ഇറച്ചിയും മീനും ഒന്നും വേണ്ടല്ലോ, കുറച്ച് പച്ചക്കറിയല്ലേ ആകെ വേണ്ടൂ. ഞങ്ങലെപോലുള്ളവർക്ക് ഇറച്ചിയും മീനുമൊക്കെ വാങ്ങുന്നതുകൊണ്ട് വലിയ ചിലവാണ്.'' ഇത് കേട്ടതും ഇ.എം.എസ് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു അതൊക്കെ ഞാനും കഴിക്കാറുണ്ടന്ന്. ഇങ്ങനെ ഇമ്പിച്ചിബാവയ്ക്ക് മാത്രമെ ഇ.എം.എസിനോട് പറയാൻ കഴിയൂ.

പിന്നീട് 1991 ൽ ഞാൻ ജില്ലാ കൗൺസിൽ പ്രസിഡന്റായിരിക്കുന്ന ഘട്ടത്തിലാണ് പാലക്കാട് വിക്‌ടോറിയ കോളേജിൽ പുലർച്ചെ 6 മണിക്ക് ഇ.എം.എസ് എത്തുന്നത്. അദ്ദേഹത്തിന്റെ സഹചാരിയും സാഹായിയുമായ സ. വേണു എന്നോടും കൂടെ വരാൻ പറഞ്ഞു. വിക്‌ടോറിയ കോളേജിൽ വച്ച് അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ സാധിച്ചത് ഒരു അനർഗനിമിഷമായി ഇന്നും ഓർക്കുന്നു. ഈ ചിത്രം മനോരമ ചിത്രപ്രദർശനത്തിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു ഫോട്ടയായിരുന്നു.

ഈ അടുത്തകാലത്ത് എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏലംകുളം മന സന്ദർശിച്ചു. ഇ.എം.എസിന്റെ സഹോദരന്റെ മകൻ ബ്രഹ്മദത്തൻ നമ്പൂതിരി ഞങ്ങളെ സ്വീകരിച്ചു. മനകളുടെ പ്രത്യകതകളുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങൾ അദ്ദേഹം എന്നോട് വിശദീകരിച്ചു. അതിൽ ഒന്ന് നമ്പൂതിരി സ്ത്രീകൾക്ക് മനകളിൽ പുറത്തുള്ളവരെ കാണാൻ കിളിവാതിൽ പോലുള്ള ഒരു ചെറിയ ജനവാതിൽ ഉണ്ടായിരുന്നു. അത് വഴിയാണ് നമ്പൂതിരി സ്ത്രികൾ പുറത്തുള്ളവരെ കണ്ടുകൊണ്ടിരുന്നത്. 1920 ലെ മഹാ പ്രളയകാലത്ത് എല്ലാ സ്ഥലത്തും വെള്ളം കയറിയ ഘട്ടത്തിലും ആ മനയിലേക്ക് വെള്ളം കയറിയിരുന്നില്ല. തച്ചുശാസ്ത്രത്തിന്റെ മഹിമ അപ്പോഴാണ് ബോധ്യപ്പെട്ടത്.

18 വർഷം വേദം പഠിക്കാൻ ചെറുപ്പത്തിൽ ഇ.എം.എസ് നിർബന്ധിക്കപ്പെട്ടു. അർത്ഥം മനസ്സിലാക്കാതെയുള്ള വേദപഠനം ജീവിതത്തിലെ വലിയൊരു നഷ്ടമായിരുന്നു എന്ന് ഇ.എം.എസ് തന്നെ പിന്നീട് സൂചിപ്പിച്ചിരുന്നു. ഒളപ്പമണ്ണയുടെ പിതാവിന്റെ സഹോദര പുത്രൻ ഒ.എം.സി നമ്പൂതിരിയുടെ ഋഗ്വേദത്തിന്റെ പരിഭാഷ മലയാളത്തിലേക്ക് ഭാഷാന്തരം വരുത്തി അത് കൈമാറുന്നതിന് സ. ഇ.എം.എസിനെയാണ് സംസ്‌കൃത പണ്ഡിതനായ ഒ.എം.സി തെരഞ്ഞെടുത്തത് ഇ.എം.എസിന് വേദത്തിലുള്ള അഗാതപണ്ഡിത്വത്തിന്റെ തെളിവാണ്. പ്രകാശന ചടങ്ങ് ഡൽഹിയിൽവച്ച് ഉദ്ഘാടനം ചെയ്തത് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവാണ്.

ക്ലാസിക് കലകളിലും ഇ.എം.എസ് അതീവ തൽപരനായിരുന്നു. ഈ രംഗത്തെ ഇ.എം.എസിന്റെ സംഭാവനകളെ സംബന്ധിച്ച് യഥാർത്ഥത്തിൽ വലിയൊരു പഠനം നടന്നിട്ടുണ്ടോ എന്ന് അിറയില്ല. 1987 ൽ പാലക്കാട് നടന്ന കർഷക തൊഴിലാളി യൂണിയന്റെ മൂന്നാം അഖിലേന്ത്യാ സമ്മേളനത്തിൽ അവതരിപ്പിച്ച മാനവീയം കഥകളിക്ക് പ്രചോദനം ഇ.എം.എസ് ആയിരുന്നു. ഈ കഥകളി കണാൻ ഇ.എം.എസ് പാലക്കാട് കോട്ടമൈതാനത്ത് ആദ്യാവസാനം ഉണ്ടായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ 1958 ലെ അഞ്ചാം പാർടി കോൺഗ്രസ്സ് അമൃത്സറിൽ നടക്കുമ്പോൾ അവിടെ അവതരിപ്പിച്ച ഭഭകേരളീയം'' പരിപാടിയിൽ നാട്യകലയിലെ അത്ഭുതം ഗുരുഗോപിനാഥിന് അവസരം നൽകിയത് ഇ.എം.എസ് ആയിരുന്നു.

ഇ.എം.എസിനെ ഓർക്കുമ്പോൾ തെളിഞ്ഞുവരുന്ന ചിത്രം നൽകുന്ന വിജ്ഞാന പ്രകാശം മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല. ഒരു നാടിന്റെ മോചനത്തിനുള്ള പ്രത്യയ ശാസ്ത്രം രൂപപ്പെടുത്തുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഏലംകുളം മന നാടുവാഴിത്വത്തിന്റെ പ്രതീകമായിരുന്നില്ല. മറിച്ച് അധ്വാനിക്കുന്നവന്റെ മോചനത്തിന്റെ പ്രതീകമാണ്.

1998 ൽ 16ാം പാർടി കോൺഗ്രസ്സിന്റെ ഭാഗമായി പാലക്കാട് വച്ച് നടന്ന പാർടി സംസ്ഥാന സമ്മേളനത്തിൽ ആരോഗ്യപരമായി ഇ.എം.എസ് അവശനായിരുന്നു. ഈ ഘട്ടത്തിൽ പാലക്കാട് റസ്റ്റ് ഹൗസിൽ വച്ച് ഭാര്യ ജമീലയും മക്കളായ നവീൻ നിഖിൽ എന്നിവരും ചേർന്ന് കുടുംബസമേതം ഒരു ഫോട്ടോ എടുത്തിരുന്നു. അത് ഇന്നും കുടുംബം ആരാധാനയോടെ കാണുന്നു. കുട്ടികൾ അന്ന് നന്നെ ചെറുപ്പമായിരുന്നു. ഇ.എം.എസ് നിരവധി തവണ ഭാര്യാ പിതവായ സ. പി.കെ. കുഞ്ഞച്ചന്റെ ചെങ്ങന്നൂരിലുള്ള വീട്ടിൽ വരികയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ട്.

മരണപ്പെട്ട് ഇ.എം.എസിന്റെ ഭൗതിക ശരീരം അഗ്നിഗോളം ഏറ്റുവാങ്ങുമ്പോൾ കണ്ണുനിറഞ്ഞ ആയിരങ്ങളുടെ ഇടയിൽ സ. പിണറായി വിജയന്റെ വിതുമ്പുന്ന മുഖം ഞാൻ ഇന്നും ഓർക്കുന്നു. ഇത്തരത്തിലുള്ള ഒട്ടനവധി ധന്യമായ ഓർമ്മകളെല്ലാം പൊതുപ്രവർത്തനത്തിലും കുടുംബജീവിതത്തിലും എന്നും ഓർക്കുന്ന സമ്പന്നമായ ഓർമ്മകളാണ്. ഈ ഓർമ്മകൾ തലമുറകൾ കൈമാറും. സ. ഇ.എം.എസിന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി വാടാത്ത രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.'

Advertisement
Advertisement