അരിക്കൊമ്പനെ പിടികൂടാൻ കോന്നി സുരേന്ദ്രനും സംഘവും എത്തും, വയനാട്ടിൽ നിന്ന് 'വിക്രം' ഇടുക്കിയിലേക്ക് തിരിച്ചു
വയനാട്: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ, പുപ്പാറ മേഖലകളിൽ ഭീതി വിതച്ച് ആക്രമണം നടത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള കുങ്കിയാനകളിലൊന്ന് വയനാട്ടിൽ നിന്ന് തിരിച്ചു. വിക്രം എന്ന കുങ്കിയാനയെ ആണ് ഇടുക്കിയിൽ എത്തിക്കുന്നത്, ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും കോന്നി സുരേന്ദ്രൻ, കുഞ്ചു, സൂര്യൻ എന്നീ മൂന്നു കുങ്കിയാനകളും വയനാട്ടിൽ നിന്നെത്തുന്ന വിക്രമിനൊപ്പം ചേരും.
നാല് കുങ്കിയാനകളും 26 ഉദ്യോഗസ്ഥരുമടക്കം മുപ്പതംഗ സംഘമാണ് അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യസംഘത്തിലുള്ളത്. ഏത് വിധേനെയും അരിക്കൊമ്പനെ പിടികൂടുക എന്ന ലക്ഷ്യത്തോടെയാണ് വയനാട്ടിൽ നിന്ന് കുങ്കിയാനകളെ എത്തിക്കുന്നത്. പ്രത്യേകം സജ്ജമാക്കിയ ലോറിയിലാണ് വിക്രം ഇടുക്കിയിൽ എത്തുന്നത്. കുങ്കിയാനകളുടെ സഹായത്തോടെ കാട്ടിൽ വച്ച് തന്നെ അരിക്കൊമ്പനെ കണ്ടെത്തി മയക്കുവെടി വയ്ക്കാനാണ് പദ്ധതി. പിടികൂടിയാൽ അരിക്കൊമ്പനെ കോടനാട് ആനത്താവളത്തിലേക്ക് മാറ്റിയേക്കും,
ഇടുക്കിയിലെ ജനവാസമേഖലകളിലിറങ്ങുന്ന അരിക്കൊമ്പൻ അക്രമം നടത്തുന്നത് പതിവായതോടെയാണ് വനംവകുപ്പ് നടപടിതൾ വേഗത്തിലാക്കിയത്. ദിവസങ്ങൾക്ക് മുമ്പും ഇടുക്കി പൂപ്പാറ തലകുളത്ത് അരിക്കൊമ്പന്റെ ആക്രമണം ഉണ്ടായിരുന്നു, കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായി എത്തിയ ലോറി ആന തകർത്തിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന അരിയും പഞ്ചസാരയും ഭക്ഷിക്കുകയും ചെയ്തു,