ദീർഘദൂര സർവീസിന് 450 ഇ- ബസുകൾ, ഓടിക്കുന്നത് കണക്ടിംഗ് സർവീസുകളായി

Monday 20 March 2023 12:47 AM IST

 കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ദീർഘദൂര സ‌ർവീസുകൾക്ക് കേന്ദ്ര ഊർജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രാം പ്രകാരം ആദ്യഘട്ടത്തിൽ ലഭിക്കുന്ന 450 ഇലക്ട്രിക് ബസുകൾ ഓടിക്കാൻ കെ.എസ്.ആർ.ടി.സി പദ്ധതി തയ്യാറാക്കി. ദൂരത്തിന് അനുസരിച്ച് കണക്ടിംഗ് സർവീസുകളായിട്ടാകും ഓടിക്കുക. തിരുവനന്തപുരം- കാസർകോട് സർവീസിനാണെങ്കിൽ തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ ഒരു ബസ്, അവിടെ നിന്ന് തൃശൂർവരെ മറ്റൊന്ന്,

കോഴിക്കോട് വരെ വേറൊന്ന്, തുടർന്ന് കാസർകോട് വരെ അടുത്ത ബസ് എന്ന രീതിയിലാകും ക്രമീകരണം.

ഇടയ്ക്ക് ചാർജ് ചെയ്യുന്നത് ഒഴിവാക്കുന്നതിനായാണിത്. ഒറ്റ ടിക്കറ്റ് മതിയാകും. കെ.എസ്.ആ‌ർ.ടി.സി സ്വിഫ്ടാകും സർവീസുകൾ നടത്തുക. നിലവിൽ ദീർഘദൂര സ‌ർവീസുകളിൽ യാത്ര ചെയ്യുമ്പോൾ നിശ്ചിത സമയങ്ങളിൽ ഇടവേള ഉണ്ടാകാറുണ്ട്. അത്രയും സമയം പോലും വേണ്ട ഇവയിൽ യാത്രക്കാ‌ർക്ക് ബസ് മാറി കയറാൻ.

അശോക് ലൈലാൻഡിന്റെ ഉപകമ്പനിയായ സ്വിച്ച് മൊബിലിറ്റിയാണ് 450 ഇ- ബസുകൾ എത്തിക്കാൻ ടെൻഡർ നേടിയത്. ഒറ്റ ചാർ‌ജിൽ 300 കിലോമീറ്റർവരെ ഓടും. റൂട്ട് സ്റ്റഡി നടത്താൻ സ്വിച്ച് മൊബിലിറ്റി അധികൃതർ വൈകാതെ സംസ്ഥാനത്തെത്തും. കേന്ദ്ര പദ്ധതി പ്രകാരം ആകെ 750 ഇ- ബസുകളാണ് കേരളത്തിന് ലഭിക്കുക.

കണ്ടക്ടറില്ലാ ബസുകൾ

പരിമിതമായ സ്റ്റോപ്പുകളുള്ള ദീർഘദൂര സർവീസുകളിൽ കണ്ടക്ടറെ ഒഴിവാക്കും. പകരം ബസ് നിറുത്തുന്ന സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാർക്ക് ടിക്കറ്റ് നൽകും. മറ്റ് ചില സംസ്ഥാനങ്ങളിലുള്ള രീതിയാണിത്.

ഡ്രൈവറും അറ്റകുറ്റപ്പണിയും കമ്പനി വക

♦ഡ്രൈവറേയും കമ്പനി ലഭ്യമാക്കും. അറ്റകുറ്റപ്പണിയും നടത്തും

♦ കിലോമീറ്റർ വാടക ₹39.5., 450 കി.മീറ്റർ കഴിഞ്ഞാൽ നിരക്ക് ₹20

♦നേരത്തെ ഇലക്ട്ര എന്ന ഇ- ബസിന് നൽകിയ വാടക ₹ 43.20

♦ ഇലക്ട്ര ബസ് 9 മീറ്റർ നീളം, 30 സീറ്റ്. സ്വിച്ച് മൊബിലിറ്റി ബസ് 12 മീറ്റർ നീളം, 41 സീറ്റ്

ഡീസൽ ബസുകൾ

അടുത്ത മാസം

കെ.എസ്.ആർ.ടി.സി പ്ലാൻ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 13 ഡീസൽ ബസുകൾ അടുത്ത മാസം മുതൽ സൂപ്പർഫാസ്റ്റുകളായി സർവീസ് ആരംഭിക്കും. സ്വിഫ്ടാകും ഇവയും ഓടിക്കുക.

Advertisement
Advertisement