തെരുവുകളെ സമരായുധമാക്കിയ കലാകാരൻ ഓർമകളിൽ നിറഞ്ഞ് മധുമാഷ്

Monday 20 March 2023 12:39 AM IST
സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് അശോകപുരത്ത് നടന്ന മധു മാസ്റ്റർ ഓർമ ദിനത്തിൽ ആർ മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു.

കോഴിക്കോട്: തെരുവുകളെ സമരായുധമാക്കി, അവർക്ക് മുമ്പിൽ നാടകം കളിച്ച് കോഴിക്കോടൻ ജനമനസുകളിലൂടെ നടന്നുപോയ മധുമാഷിന് നഗരത്തിന്റെ ആദരം. ജനകീയ സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രം നാടകം കളിച്ചു കാണിച്ചു കൊടുത്ത വിപ്ലവകാരി, പടയണിയും, അമ്മയും, കറുത്ത വാർത്തയും, സുനന്ദയും, കലിഗുലയും ക്രൈമും തുടങ്ങി മലയാള നാടകവേദിയിൽ മധു മാഷ് രേഖപ്പെടുത്തിയ ചരിത്രം അനുസ്മരണവേദികളെല്ലാം നിറഞ്ഞുനിന്നു. മനുഷ്യന്റെ വേദനകളോടും, വേവലാതികളോടും നിസ്സഹായതകളോടും ഒട്ടിച്ചേർന്ന മനുഷ്യനായിരുന്നു മധുമാഷെന്ന് ആർ.മോഹനൻ പറഞ്ഞു. അശോകപുരം സൗഹൃദക്കൂട്ടായ്മയുടെ 'ഓർമ മധുമാസ്റ്റർ' പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിവിപ്ലവകാരിയുടെ ജീവിതത്തിലൂടെ കടന്നുവന്ന മധുമാസ്റ്റർ ഹിംസാത്മകതയുടേതല്ലാത്ത, മാനുഷികതയുടെ കാഴ്ചപ്പാട് ജീവിതത്തിൽ സ്വയം വരിച്ചു. മനുഷ്യനെ വേദനിപ്പിക്കുന്നതെന്തും കണ്ടാൽ ഉടൻ പ്രതികരിച്ചിരുന്നയാളായിരുന്നു മധുമാസ്റ്ററെന്നും മോഹനൻ പറഞ്ഞു. സുനിൽ പൈങ്ങന്നൂർ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ സുവീരൻ, സതീഷ്.കെ.സതീഷ്, വാസുദേവൻ രണചേതന, കുന്നത്തൂർ രാധാകൃഷ്ണൻ, സുനിൽ അശോകപുരം, എ.രത്‌നാകരൻ, കെ.എസ്.ദാസ്, സി.കെ.ദാസൻ, ബാബുരാജ് പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് തിരിച്ചറിവ് എന്ന നാടകവും അവതരിപ്പിച്ചു.

മധു മാസ്റ്ററുടെ ഓർമ്മയിൽ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരായിരുന്നവരും ഒത്തുചേർന്നു.കോഴിക്കോട് മീഡിയ സ്റ്റഡി സെന്ററിൽ നടന്ന പരിപാടിയിൽ സാംസ്‌കാരിക പ്രവർത്തകൻ ഷജിൽ കുമാർ ആമുഖ പ്രഭാഷണം നടത്തി. ഡോ.കെ.എൻ അജോയ് കുമാർ, വി.അബ്ദുൾ മജീദ് ,പ്രകാശ്, രാജു മാഷ് ,കരിംദാസ് ,വേണുഗോപാലൻ കുനിയിൽ വി.എ ബാലകൃഷ്ണൻ, സേതു തൃശൂർ എന്നിവർ പ്രസംഗിച്ചു. പൊളിറ്റിക്കൽ ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക ദേശീയത അർബുദം പോലെ പടർന്നു കയറുന്ന ഇക്കാലത്ത് അരങ്ങും തെരുവുമുണർത്തി പ്രതിരോധ മതിലുയർത്താൻ മധുമാഷ് അടയാളപ്പെടുത്തിയിട്ടുള്ള ചരിത്രത്തെ ഇന്ധനമാക്കിക്കൊണ്ട് മനുവാദ ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തിനെതിരായ സാംസ്‌കാരിക പ്രതിരോധം സൃഷ്ടിക്കാൻ കൂടുതൽ കരുത്തോടെ നമുക്ക് മുന്നേറേണ്ടതുണ്ടെന്നും കൾച്ചറൽ ഫോറം അഭിപ്രായപ്പെട്ടു.