കൗമുദി ബാലകൃഷ്ണൻ സാംസ്കാരിക സമിതി രൂപീകരിച്ചു

Monday 20 March 2023 12:51 AM IST

മയ്യനാട്: മയ്യനാട്ടെ കലാ സാംസ്കാരിക സാഹിത്യ മേഖലകളിലെ പ്രവർത്തകരുടെ യോഗം മയ്യനാട് സി. കേശവൻ സ്മാരക ഹാളിൽ ചേർന്നു. കൗമുദി ബാലകൃഷ്ണൻ സാംസ്കാരിക സമിതി എന്ന സംഘടന രൂപീകരിച്ചു. പബ്ളിക് സർവീസ് കമ്മിഷൻ മുൻ അസിസ്റ്റന്റ് സെക്രട്ടറി ആർ. രാമരാജു യോഗം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ എംപ്ളോയ്മെന്റ് ഓഫീസർ മയ്യനാട് ബി. ഡിക്‌‌സൺ അദ്ധ്യക്ഷത വഹിച്ചു.

സി.വി. കുഞ്ഞുരാമന്റെ സാഹിത്യഗുരു കൂടിയായ മയ്യനാട് ഇക്കാവമ്മ, സി.വി. കുഞ്ഞുരാമൻ, സി. കേശവൻ, കെ. ദാമോദരൻ, കെ. സുകുമാരൻ, കെ. ബാലകൃഷ്ണൻ, എം.കെ. കുമാരൻ, എം. പ്രഭ, പ്രൊഫ. എൻ. ഗോപാലപിള്ള, പ്രൊഫ. ഡോ. കെ. എൻ. ഗോപാലപിള്ള, മയ്യനാട് ജോൺ ബി.എ, പണ്ഡിറ്റ് എൻ. കൃഷ്ണൻ വിദ്വാൻ, സി.പി. കേശവൻ വൈദ്യർ, ഡോ. ഷാജി പ്രഭാകരൻ, ഡോ. ആർ. ഗോപിമണി എന്നിവർ ഉൾപ്പെടെയുള്ള പ്രതിഭകളെക്കുറിച്ച് ചർച്ചകൾ നടത്തുക, അവരുടെ അപ്രകാശിത കൃതികൾ കണ്ടെത്തി പ്രസിദ്ധീകരിക്കുക, സാഹിത്യ മത്സരം, കവിതാലാപന മത്സരം, കവിയരങ്ങ് എന്നിവ നടത്തുക, ലൈബ്രറി രൂപീകരിക്കുക, ഗൃഹസന്ദർശന ഗ്രന്ഥശാല നടത്തുക, റീഡിംഗ്റൂം പ്രവർത്തിപ്പിക്കുക തുടങ്ങിയവ സമിതിയുടെ പ്രവർത്തന ലക്ഷ്യങ്ങളിൽപെടുന്നു.

യോഗത്തിൽ പി. മണിദാസ്, സലിൽ സുകുമാർ, അഡ്വ. എസ്. രാജേന്ദ്രൻ, എസ്. കവിരാജൻ, എസ്. രാധാകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

സമിതിയുടെ പ്രസിഡന്റായി മയ്യനാട് ബി. ഡിക്‌സൺ, സെക്രട്ടറിയായി അഡ്വ. എസ്. രാജേന്ദ്രൻ, ട്രഷറർ ആയി സലിൽ സുകുമാർ എന്നിവരെ തിരഞ്ഞെടുത്തു.