പ്രതിപക്ഷ എം.എൽ.എമാരെ സസ്‌പെൻഡ് ചെയ്യണം: എ.ഐ.ഡബ്ല്യു.എ

Monday 20 March 2023 12:57 AM IST

തിരുവനന്തപുരം: നിയമസഭയിലെ വനിതാ വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ചു പരിക്കേല്പിച്ച പ്രതിപക്ഷ എം.എൽ.എമാരെ നിയമസഭയിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ.ഐ.ഡബ്ല്യു.എ) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമസഭയിൽ വനിതാ ജീവനക്കാർക്ക് സ്വൈരമായി ജോലി നിർവഹിക്കാൻ സാധിക്കാത്തത് സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം ഉണ്ടായെന്ന വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഈ സംഭവം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അസോസിയേഷൻ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി.കെ ശ്രീമതി ടീച്ചർ,സംസ്ഥാന സെക്രട്ടറി അഡ്വ. സി. എസ് സുജാത,സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി,കേന്ദ്ര കമ്മിറ്റി അംഗം എം.ജി മീനാംബിക തുടങ്ങിയവരാണ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്‌.