കേരള വ്യവസായ വാണിജ്യ വകുപ്പ് പവലിയന് സ്വർണ മെഡൽ

Monday 20 March 2023 2:59 AM IST

തിരുവനന്തപുരം: ആഹാർ 2023 വ്യാപാര മേളയിൽ കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയൻ സ്വർണ മെഡൽ നേടി. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ഐ.ടി.പി.ഒ) സംഘടിപ്പിച്ച ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി മേളകളിൽ ഒന്നാണ് ആഹാർ 2023.

ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടന്ന മേളയിൽ സംഘടനാ മികവ് കൊണ്ടും ഉല്പന്ന വൈവിദ്ധ്യം കൊണ്ടും കേരള പവലിയൻ ശ്രദ്ധേയമായിരുന്നു. കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ (കെബിപ്പ്) ആണ് പവലിയൻ ഏകോപിപ്പിച്ചത്. കേരളത്തിൽ നിന്നുള്ള 19 ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ മേളയിൽ പങ്കെടുത്തു. ദേശീയ അന്തർദേശീയ തലങ്ങളിലുള്ള 1400 ലധികം വ്യാപാരികളും അമേരിക്ക, ഓസ്‌ട്രേലിയ, ബ്രസീൽ, സ്വീഡൻ, സൗത്ത് കൊറിയ, റഷ്യ തുടങ്ങി 19 രാജ്യങ്ങളിലെ സംരംഭകരും മേളയിൽ പങ്കെടുത്തു.

ദിവസവും 50,000 ത്തിലധികം ബിസിനസ് പ്രതിനിധികൾ പങ്കെടുത്ത ആഹാറിന്റെ 37-ാമത് പതിപ്പാണിത്.

മികച്ച ഭക്ഷ്യ സംസ്‌കരണ ഉല്പന്ന പ്രദർശനത്തിന് വഴിയൊരുക്കുക, വിപണി പ്രവണതകൾ വിലയിരുത്തുക, ഹോസ്പിറ്റാലിറ്റി മേഖലയുടെ സാദ്ധ്യതകൾ അനാവരണം ചെയ്യുക, സാങ്കേതികവിദ്യകളും ഉല്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുക എന്നിവയായിരുന്നു ആഹാർ 2023 ന്റെ പ്രധാന ലക്ഷ്യങ്ങൾ.