കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്
തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) സംഘടിപ്പിക്കുന്ന ആദ്യത്തെ ദേശീയ റീട്ടെയിൽ ഉച്ചകോടി ഡൽഹിയിൽ ഏപ്രിൽ 18, 19 തീയതികളിൽ നടക്കും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കോർപ്പറേറ്റ് ഇതര മേഖലയിലെ പ്രമുഖ വ്യാപാര വാണിജ്യ സേവന സംഘടനാ നേതാക്കൾ പങ്കെടുക്കും. ഇന്ത്യൻ റീട്ടെയിൽ വ്യാപാരത്തിന്റെ ഒരു വലിയ കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചരക്കു ഗതാഗതം, എസ്.എം.ഇ.കൾ, കർഷകർ, സ്വയം സഹായ സംഘങ്ങൾ, വനിതാ സംരംഭകർ, കച്ചവടക്കാർ, സേവന സംരംഭകർ, ചില്ലറ വ്യാപാരത്തിന്റെ മറ്റ് മേഖലകളിലെ സംഘടനാ നേതാക്കൾ തുടങ്ങിയവരും പങ്കെടുക്കും.
സി.എ.ഐ.ടി ദേശീയ പ്രസിഡന്റ് ബി.സി. ഭാർട്ടിയ ഉച്ചകോടിയിൽ അധ്യക്ഷനാകും. രണ്ട് ദിവസത്തെ റീട്ടെയിൽ ഉച്ചകോടിയിൽ വിവിധ സെഷനുകളിലായി കോർപ്പറേറ്റ് ഇതര മേഖലയുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. സിഎഐടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ഡേൽവാൾ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. മുതിർന്ന കേന്ദ്ര മന്ത്രിമാർ, വകുപ്പ് മേധാവികൾ തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ വ്യാപാര പ്രമുഖരെ അഭിസംബോധന ചെയ്യും.
ജിഎസ്ടി നികുതി സമ്പ്രദായം ലഘൂകരിക്കൽ, ഇകൊമേഴ്സ് നയത്തിന്റെ അടിയന്തര സാഹചര്യം, ഇകൊമേഴ്സിന്റെ നിയന്ത്രണം, ദേശീയ റീട്ടെയിൽ വ്യാപാര നയം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സി.എ.ഐ.ടി. ദേശീയ സെക്രട്ടറി എസ്. എസ്. മനോജ് പറഞ്ഞു.
കേരളത്തിൽ നിന്നും സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യരുടെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട 21 സംഘടനാ നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി വിഭാവനം ചെയ്യുന്ന അഞ്ച് ട്രില്യൺ സമ്പദ് വ്യവസ്ഥയുടെ വ്യാപാര വ്യാപ്തിയെ വ്യാപാര സമൂഹത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് ഉച്ചകോടി ചർച്ച ചെയ്യും. ചരക്കുകളുടെ കയറ്റുമതി വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന് പ്രത്യേക സെഷനും നടത്തും.