ആഗോള ചലനങ്ങൾ ഈയാഴ്ചയും പ്രതിഫലിക്കും

Monday 20 March 2023 3:01 AM IST

മുംബയ്: ഓഹരിയിൽ ചാഞ്ചാട്ടങ്ങളുടെ വാരമാണ് കഴിഞ്ഞുപോയത്. ആഗോള ബാങ്ക് മേഖലയിലെ പ്രതിസന്ധിയാണ് കഴിഞ്ഞ വ്യാപാര ആഴ്ചയിലെ ആദ്യമൂന്ന് ദിനങ്ങളിലും സൂചികകൾക്ക് തിരിച്ചടിയായത്. എന്നാൽ ബാങ്കിങ് പ്രതിസന്ധി നേരിടാൻ യു.എസിലും സ്വിറ്റ്സർലൻഡിലും പരിഹാരനടപടികൾ ആരംഭിച്ചതോടെ അവസാന രണ്ട് വ്യാപാരദിനങ്ങളിൽ വിപണി നേട്ടം കൈവരിച്ചു. അതിനാൽ ആദ്യദിനങ്ങളിലെ നഷ്ടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സൂചികകൾക്ക് സാധിച്ചു.

കഴിഞ്ഞവാരം ബിഎസ്ഇയുടെ സ്മോൾ‌ ക്യാപ് സൂചിക 2.8 ശതമാനവും മിഡ് ക്യാപ് സൂചിക 2 ശതമാനവും ലാർജ് ക്യാപ് സൂചിക 1.6 ശതമാനം വീതവും നഷ്ടം രേഖപ്പെടുത്തി. ആഗോള ചലനങ്ങൾ തന്നെയാകും തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയിൽ വ്യാപാരം പുനരാരംഭിക്കുമ്പോൾ പ്രതിഫലിക്കുക. അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പണനയ രൂപീകരണ സമിതിയായ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി അഥവാ എഫ്ഒഎംസി സമിതിയുടെ ദ്വിദിന യോ​ഗം ചൊവ്വാഴ്ച ആരംഭിക്കും. സിലിക്കൺ വാലി ബാങ്ക് തകർന്നത് ഉൾപ്പെടെ ബാങ്കിം​ഗ് മേഖലയിൽ പ്രതിസന്ധി ഉടലെടുത്തതിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്ക് വീണ്ടും വർധിപ്പിക്കാൻ എഫ്ഒഎംസി ശുപാർശ ചെയ്യുമോ എന്നതാണ് ആ​ഗോള നിക്ഷേപകരും ഉറ്റുനോക്കുന്നത്. നിലവിൽ 50 അടിസ്ഥാന പോയിന്റ് വർധന നടപ്പാക്കിയാൽ വിപണി പ്രതികൂലമായി പ്രതികരിക്കാനാണ് സാധ്യത. മാർച്ചിലെ എഫ്ഒഎംസി യോ​ഗം പലിശ നിരക്ക് വർധിപ്പിക്കാതെ കടന്നു പോകുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയുടെ നീക്കം ഇന്ത്യൻ വിപണിയുടെ ശ്രദ്ധാഘടകമാണ്. അമേരിക്കൻ ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ഒരു ഡോളറിന് 82.5525 രൂപ നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. എഫ്ഒഎംസി യോ​​ഗ തീരുമാനവും ഫണ്ടുകളുടെ ഒഴുക്കും രൂപയുടെ നില മെച്ചപ്പെടുത്തിയേക്കും. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ വില വർധിച്ച ആഴ്ചയാണ് കടന്നു പോയത്. ഇത് ഈയാഴ്ചയിലും തുടർന്നേക്കും.