2008-ലെ പ്രതിസന്ധി ആവർത്തിക്കില്ല: ആർ.ബി.ഐ മുൻ ഗവർണർ

Monday 20 March 2023 2:05 AM IST

ഹൈദരാബാദ്: 2008-09ലെ ആഗോള മാന്ദ്യം ഇപ്പോൾ ഇന്ത്യയെ ബാധിക്കാൻ സാധ്യതയില്ലെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ ദുവ്വുരി സുബ്ബറാവു. ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ശക്തമായതിനാൽ അമേരിക്ക,​ യൂറോപ്പ് എന്നിവിടങ്ങളിലെ ബാങ്കിംഗ് പ്രതിസന്ധി ഇവിടെ പരിമിതമായിരിക്കും. ഇന്ത്യൻ ബാങ്കുകളുടെ റീട്ടെയിൽ ഡെപ്പോസിറ്റ് വ്യത്യസ്തമാണ്. ലിക്വിഡിറ്റി ആവശ്യത്തിനുണ്ട്. ക്രെഡിറ്റ് നിലവാരം മികച്ചതുമാണ്. മാത്രമല്ല സുരക്ഷമാനദണ്ഡമായ എസ്എൽആറും (സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ) തൃപ്തികരമാണെന്നും മുൻ ഗവർണർ ചൂണ്ടിക്കാട്ടി.

ഇതുകൊണ്ടുതന്നെ 2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് സംഭവിച്ചത് പോലെ വൻപ്രത്യാഘാതം ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇക്കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കണം. സുബ്ബറാവു ആർബിഐ ഗവർണറായിരുന്ന 2013 മെയ് 22 നും ഓഗസ്റ്റ് 30 നും ഇടയിൽ വിദേശ നിക്ഷേപം ഇന്ത്യയിൽ നിന്നും വൻതോതിൽ പിൻവലിക്കപ്പെട്ടിരുന്നു.

തുടർന്ന് രൂപയുടെ മൂല്യം 15 ശതമാനം ഇടിയുകയും പലിശനിരക്കുയർത്താൻ ആർബിഐ നിർബന്ധിതരാകുകയും ചെയ്തു. എന്നാൽ വിദേശ നാണ്യ ശേഖരം അപ്പോൾ പരിമതമായിരുന്നു. ധനകമ്മി അനിയന്ത്രിതമായി തുടർന്നു.

നിലവിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. കറന്റ്അക്കൗണ്ട് കമ്മി കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വർധിച്ചുവെങ്കിലും ഇപ്പോഴും പരിധിക്കുള്ളിലാണ്. ധനകമ്മി നിയന്ത്രണവിധേയമാണ്. മാത്രമല്ല വളരെയധികം വിദേശനാണ്യ ശേഖരവുമുണ്ട്, ഇതൊക്കെ അനുകൂല ഘടകങ്ങളാണെന്നും സുബ്ബറാവു പറഞ്ഞു.

Advertisement
Advertisement