ബ്രഹ്മപുരം രക്ഷാദൗത്യത്തിലെ അറിയാക്കഥയും കാണാക്കാഴ്ചയും

Monday 20 March 2023 1:06 AM IST

കൊച്ചി: ബ്രഹ്മപുരത്തെ ഭീകരാഗ്നിയും വിഷപ്പുകയും 300 മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ അതിസാഹസികമായി ശമിപ്പിച്ച കുറേ മനുഷ്യരുടെ കഠിനാദ്ധ്വാനവും ത്യാഗവും മലയാളക്കരയ്ക്ക് മറക്കാവതല്ല. ദൗത്യം പൂർത്തിയാക്കിയവരിൽ രണ്ടുപേരുകൾ ഏറെ ശ്രദ്ധേയമാണ്. അതിലൊന്ന് എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാറും മറ്റൊരാൾ ഗാന്ധിനഗർ സ്റ്റേഷനിലെ ഫയർ ഓഫീസർ കെവിൻ ആന്റണിയുമാണ്. 2018 ഒക്ടോബർ 31ന് കൊല്ലത്ത് പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീ അണയ്ക്കൽ ദൗത്യത്തിനിടെ വിഷപ്പുക ശ്വസിച്ച് ആന്തരികാവയവങ്ങൾക്ക് സാരമായി പരിക്കേറ്റ ഉദ്യോഗസ്ഥനാണ് കെ. ഹരികുമാർ.

അന്ന് കൊല്ലം ഡി.എഫ്.ഒ ആയിരുന്ന ഹരികുമാറിന്റെ നേതൃത്വത്തിൽ 9 മണിക്കൂർ നീണ്ട

പരിശ്രമത്തിലൂടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. വൈകിട്ട് 7ന് തുടങ്ങിയ തീയണയ്ക്കൽ അടുത്തദിവസം പുലർച്ചെ 5നാണ് അവസാനിച്ചത്. പുലർച്ചെ 2 മുതൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡി.എഫ്.ഒ അതുവകവയ്ക്കാതെ മുന്നേറി.

തീയുടെ കാഠിന്യത്താലും രക്ഷാകവചം ഇല്ലാതിരുന്നതിനാലും സേനാംഗങ്ങൾക്കെല്ലാം പൊള്ളൽ ഉൾപ്പെടെയുള്ള പരിക്കേറ്റിരുന്നു. അതോടൊപ്പം ശ്വാസകോശത്തിനും തകരാർ സംഭവിച്ച ഹരികുമാർ 16 ദിവസം ആശുപത്രിയിൽ തീവ്രപരിചരണത്തിലുമായി. ആശുപത്രിവിട്ടശേഷം ഒരുവർഷത്തോളം ചികിത്സ തുടർന്നു. പിന്നീട് മുറിയിൽ ഫാൻ പോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിൽ കഴിയുമ്പോഴാണ് ബ്രഹ്മപുരം ദൗത്യം. മാർച്ച് 2 മുതൽ 14 വരെ അവിടെ തുടർന്ന ഹരികുമാർ കൺട്രോൾ റൂം ചുമതലയിലായിരുന്നു. തിരികെ എത്തിയശേഷം വീണ്ടും പഴയചികിത്സ പുനഃരാരംഭിക്കാനുള്ള ഒരുക്കത്തിലുമാണ്.

പൊതുജനസാന്നിദ്ധ്യം ഇല്ലാതിരുന്ന ബ്രഹ്മപുരത്ത് എന്തുനടക്കുന്നുവെന്ന് സമൂഹത്തെ അറിയിക്കാനും നടന്നതൊക്കെ ചരിത്രരേഖയാക്കാനുമുള്ള അഗ്നിരക്ഷാസേനയുടെ തീരുമാനം പ്രവൃത്തിപഥത്തിൽ എത്തിച്ച ഉദ്യോഗസ്ഥനാണ് ഗാന്ധിനഗർ സ്റ്റേഷനിലെ ഫയർ ഓഫീസർ കെവിൻ ആന്റണി. ഫോട്ടോഗ്രഫിയിൽ പരിജ്ഞാനമുള്ള കെവിൻ ബ്രഹ്മപുരത്ത് രണ്ടുദിവസത്തെ തുടർച്ചയായ ജോലികഴിഞ്ഞ് വിശ്രമത്തിന് ചേർത്തലയിലെ വീട്ടിൽ എത്തിയപ്പോഴായിരുന്നു തിരിച്ചുവിളിച്ചത്.

മാർച്ച് 9ന് പിതാവിന്റെ ഓർമ്മദിവസമായിട്ടുകൂടി സ്റ്റുഡിയോ നടത്തുന്ന സഹോദരന്റെ കാമറയും എടുത്ത് ബ്രഹ്മപുരത്തേക്ക് ഓടുകയായിരുന്നു. പിന്നീടുള്ള 5 ദിവസം അഗ്നിരക്ഷാപ്രവർത്തകർ ഏതെങ്കിലും ഒരുസ്ഥലം കേന്ദ്രീകരിച്ച് ജോലിചെയ്തപ്പോൾ കെവിൻ 8 സെക്ടറുകളിലും ഒരുപോലെ ഓടിയെത്തി അപൂർവരംഗങ്ങൾ ചിത്രീകരിച്ചു. പിന്നീട് വാർത്താമാദ്ധ്യമങ്ങളിലൂടെയും സമൂഹമാദ്ധ്യമങ്ങളിലൂടെയും പ്രചരിച്ച പല ചിത്രങ്ങളും കെവിൻ പകർത്തിയതാണ്.

Advertisement
Advertisement