മിന്നിത്തിളങ്ങാൻ ഹോണ്ട ഷൈൻ, 100 സിസി ബൈക്കിന് 64,900 രൂപ മാത്രം
ടൂവീലർ വിപണിയിൽ തിളങ്ങാൻ ഹോണ്ട ഷൈൻ എത്തുന്നു. നിരവധി ഫീച്ചറുകളോടുകൂടിയ 100 സിസി ബൈക്കിന് 64,900 രൂപ മാത്രമാണ് എക്‌സ്‌ഷോറും വില. 3 വർഷത്തെ സാധാരണ വാറന്റിയും 3 വർഷത്തെ എക്‌സ്റ്റന്റഡ് വാറന്റിയും ഇതിൽ ഉൾപ്പെടുന്നു.
ബിഎസ് 6 മാനദണ്ഡങ്ങൾ അനുസരിച്ചാണ് വാഹനത്തിന്റെ പ്രവർത്തനം. 7.6 പിഎസ് പവറും 8.05 എൻഎം ടോർക്കുമാകും വാഹനം ഉൽപ്പാദിപ്പിക്കുക. 4 സ്പീഡ് ഗിയർബോക്‌സാണ് വാഹനത്തിലുള്ളത്.
677 എംഎം നീളമേറിയ വലിയ സീറ്റ്, ലെഗ് ഓപ്പണിംഗ് ആംഗിൾ കുറഞ്ഞ ഇന്ധന ടാങ്ക് എന്നിവ പ്രത്യേകതയാണ്. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ് ഈ സവിശേഷതകൾ. 786 എംഎം ആണ് സീറ്റിന്റെ ഉയരം. എൻജിൻ ഇൻഹിബിറ്ററോട് കൂടിയ സൈഡ് സ്റ്റാൻഡ് , ഹോണ്ട പേറ്റന്റായ ഇക്വലൈസറോട് കൂടിയ കോംബി ബ്രേക്ക് സിസ്റ്റം (CBS) എന്നിവ ഷൈൻ 100 ൽ കമ്പനി നൽകിയിട്ടുണ്ട്. 1245 എംഎം വീൽബേസും 168 എംഎം ഗ്രൗണ്ട് ക്ലിയറൻസും വാഹനം അവകാശപ്പെടുന്നു.
ഹോണ്ട ഷൈൻ 125 ന്റെ രൂപത്തിലാണ് 100 സിസിയും എത്തുന്നത്. ഫ്രണ്ട് കൗൾ, ഓൾ ബ്ലാക്ക് അലോയ് വീലുകൾ, അലുമിനിയം ഗ്രാബ് റെയിൽ, ടെയിൽ ലൈറ്റ്, സ്ലിം എക്സ്ഹോസ്റ്റ്, പുതിയ ഗ്രാഫിക്‌സ് എന്നിവയാണ് മറ്റു പ്രത്യേകതൾ. അഞ്ച് കളർ ഓപ്ഷനുകളുമുണ്ട്. വാഹനത്തിന്റെ സർവീസ് എളുപ്പമാക്കുന്നതിനായി ഫ്യുവൽ പമ്പ് ഇന്ധന ടാങ്കിൽ നിന്നു അകലെയാണ് ക്രമീകരിച്ചിരുന്നത്.