10ലക്ഷം ലക്ഷ്യമിട്ട് ഹീറോ ഇലക്ട്രിക്,​ മൂന്നു പുതിയ മോഡലുകൾ പുറത്തിറക്കി

Monday 20 March 2023 2:27 AM IST

ഇന്ത്യയിലെ നിർമാണ യൂണിറ്റുകളിൽ നിന്ന് പ്രതിവർഷം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങൾ പുറത്തിറക്കാനൊരുങ്ങി ഹീറോ ഇലക്ട്രിക്. ഇതിന് മുന്നോടിയായി മൂന്നു ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ ഏറ്റവും പുതിയ മോഡലുകൾ പുറത്തിറക്കി. ഈ മോഡലുകൾക്ക് 85,000 രൂപ മുതൽ 1,03,000 രൂപ വരെയാണ് വില. ഒപ്റ്റിമ സിഎക്സ് 5.0 (ഡ്യൂവൽ ബാറ്ററി ), ഒപ്റ്റിമ സിഎക്സ് 2.0 (സിംഗിൾ ബാറ്ററി), എൻവൈഎക്സ് (ഡ്യൂവൽ ബാറ്ററി) എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്.

കൂടുതൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുന്നതിന് രാജസ്ഥാനിൽ 1200 കോടി രൂപ മുതൽ മുടക്കിൽ വർഷത്തിൽ 20 ലക്ഷം യൂണിറ്റുകളുടെ ഉത്പാദന ശേഷിയുള്ള നിർമാണ യുണിറ്റ് തുടങ്ങാനാണ് ഹീറോ ഇലക്ട്രിക് കമ്പനിയുടെ പ്ലാൻ. നടപ്പു സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാനും അടുത്ത സാമ്പത്തിക വർഷത്തിൽ ഇത് 2.5 ലക്ഷമായി ഉയർത്താനുമാണ് പദ്ധതി.

നിലവിൽ രാജ്യത്ത് ഇലക്ട്രിക് ഇരു ചക്ര വാഹനങ്ങൾക്ക് ഉയർന്ന ഡിമാൻഡാണ് ഉള്ളതെന്നും കമ്പനിക്ക് കുത്തനെയുള്ള വളർച്ചയാണെന്നും ഹീറോ ഇലക്ട്രിക് മാനേജിങ് ഡയറക്ടർ നവീൻ മുഞ്ജൽ പറഞ്ഞു.

ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ 15 വർഷത്തിനിടക്ക് കമ്പനി ഏകദേശം 6 ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചിട്ടുള്ളത്.