മുഖ്യമന്ത്രിയും ലോകായുക്തയും തമ്മിൽ ഇടപാട് : കെ. സുധാകരൻ

Monday 20 March 2023 12:00 AM IST

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുർവിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി എതിർ കക്ഷിയായുള്ള പരാതിയിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ലോകായുക്ത വിധി പറയാത്തത് ഇരുവരും തമ്മിൽ ഇടപാടുള്ളതു കൊണ്ടാണോയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ലോകായുക്ത നിശബ്ദമായതിന്റെ കാരണങ്ങൾ അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്തയ്ക്ക് ലഭിച്ച ആനുകൂല്യങ്ങളും രാഷ്ട്രീയചായ്വും ഇതിന്റെ പിന്നിലുണ്ടെന്ന് ആക്ഷേപമുണ്ട്.

ലോകായുക്ത നീതിബോധത്തോടെ വിധി പ്രസ്താവിച്ചാൽ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര തെറിക്കുമെന്നുറപ്പ്. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ കെ.ടി. ജലീൽ മന്ത്രി സ്ഥാനം ഒഴിഞ്ഞപ്പോൾ, അമേരിക്കയിൽ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഉടൻ ഓർഡിനൻസ് കൊണ്ടുവരാൻ ഉത്തരവിട്ടത് ഭയന്നുവിറച്ചാണ്. നിയമസഭ പാസാക്കിയ ബില്ലിൽ, ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് പ്രകാരം വിധിച്ചാൽ പൊതുസേവകന്റെ പദവി തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണ്.

ലോകായുക്തയെ വന്ധീകരിച്ച ഓർഡിനൻസിനു പകരമുള്ള ബില്ലിന്മേൽ ഗവർണർ അടയിരിക്കുന്നു. മുഖ്യമന്ത്രിയും ലോകായുക്തയും ഒത്തുകളിച്ചപ്പോൾ തിരുത്തൽ ശക്തിയാവേണ്ട ഗവർണർ അവർക്കൊപ്പം ചേർന്നത് ബി.ജെ.പി-സി.പി.എം അന്തർധാരണയിലെ കറുത്ത അദ്ധ്യായമാണ്. വാർഷിക ശമ്പളമായി 56.65 ലക്ഷം രൂപ കൈപ്പറ്റുന്ന ലോകായുക്തയും ഉപലോകായുക്തയും, 4.08 കോടി രൂപ ചെലവാക്കുന്ന ലോകായുക്തയുടെ ഓഫീസും കേരളം കണ്ട വലിയ വെള്ളാനയാണെന്നും സുധാകരൻ പറഞ്ഞു.