ആർ.എസ്.എസ്-ലീഗ് ചർച്ചയ്ക്ക് പിന്നിൽ കുഞ്ഞാലിക്കുട്ടി : ഹംസ
കോഴിക്കോട്: ആർ.എസ്.എസുമായി മുസ്ലീംലീഗ് നടത്തിയ ചർച്ചയ്ക്ക് പിന്നിൽ പി.കെ.കുഞ്ഞാലിക്കുട്ടിയാണെന്ന് മുസ്ലീംലീഗ് സംസ്ഥാന കൗൺസിൽ ദിവസം പുറത്താക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്.ഹംസ. ചർച്ച നടത്തിയത് ഒരു എം.എൽ.എയാണ്. കുഞ്ഞാലിക്കുട്ടിയാണ് അദ്ദേഹത്തെ പറഞ്ഞയച്ചത്. ലീഗിൽ ജനാധിപത്യം നഷ്ടമായെന്നും ഭാരവാഹി തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ന് കോടതിയെ സമീപിക്കുമെന്നും ഹംസ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അധോലോക നായകരുടെ പിടിയിലാണ് ലീഗ് നേതൃത്വമുള്ളത്. സാദിഖലി തങ്ങൾ കുഞ്ഞാലിക്കുട്ടിക്ക് വിധേയനായി പ്രവർത്തിക്കുകയാണെന്നും ഹംസ ആരോപിച്ചു. ശനിയാഴ്ച ഭാരവാഹി തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാവിലെയാണ് പുറത്താക്കി എന്നുള്ള കത്ത് കിട്ടിയത്. ധൃതിപിടിച്ച് പുറത്താക്കിയതിന് പാർട്ടിക്ക് എന്ത് ന്യായമാണ് പറയാനുള്ളത്. എന്തുകൊണ്ട് കമ്മിറ്റി നടക്കുന്ന അതേ ദിവസം പുറത്താക്കിയത്. നേതൃത്വത്തെ അപകീർത്തിപ്പെടുത്തി, മാദ്ധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകി എന്നൊക്കെയാണ് തനിക്കെതിരായുള്ള ആരോപണം. ഭരണസമിതി തിരഞ്ഞെടുപ്പ് അസാധുവാണ്. കോടതി വിധിയെ ധിക്കാരപൂർവം അവഗണിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് തെറ്റാണ്. പി.കെ കുഞ്ഞാലിക്കുട്ടി ഏത് പക്ഷത്താണ്. ചോറ് യു.ഡി.എഫിലും കൂറ് എൽ.ഡി.എഫിലുമെന്ന് പറഞ്ഞതാണ് താൻചെയ്ത മഹാ അപരാധമെന്നും ഹംസ പറഞ്ഞു.