പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കരുത്: ചെന്നിത്തല

Monday 20 March 2023 12:00 AM IST

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്ന് സ്പീക്കർക്ക് അയച്ച കത്തിൽ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ തള്ളിയതിന്റെ റെക്കാഡ് ഇപ്പോഴത്തെ സ്പീക്കർക്ക് (ഷംസീറിനു ) സ്വന്തമായെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

ഒരു സമ്മേളനത്തിൽ തന്നെ പ്രതിപക്ഷത്തിന്റെ ആറ് അടിയന്തര പ്രമേയങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ സ്പീക്കർ തള്ളിയത് ചരിത്രത്തിൽ ആദ്യമാണ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 234 ദിവസം നിയമസഭ സമ്മേളിച്ച 13-ാം കേരള നിയമസഭയിൽ 191 അടിയന്തര പ്രമേയങ്ങളിൽ തള്ളിയത് ഏഴ് എണ്ണം മാത്രം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 174 അടിയന്തര പ്രമേയങ്ങളിൽ എട്ടെണ്ണമേ തള്ളിയുള്ളു. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ ഇതുവരെയുള്ള കാലയളവിൽ 11 അടിയന്തര പ്രമേയങ്ങളാണ് അംഗങ്ങൾക്ക് ഒരു വാക്കുപോലും സംസാരിക്കാൻ അവസരമില്ലാതെ തള്ളിയത്. ഇപ്പോൾ നടക്കുന്ന 8 -ാമത് സമ്മേളന കാലയളവിൽ മാത്രം തള്ളിയത് ആറ് അടിയന്തര പ്രമേയങ്ങൾ. ഇത് സഭാചരിത്രത്തിൽ ആദ്യമാണ്. ഇതിൽ രാഷ്ട്രീയ കാരണങ്ങളല്ലാതെ ഒരു മാനദണ്ഡവും പാലിക്കപ്പെട്ടില്ലെന്നത് സഭയ്ക്ക് നാണക്കേടാണ്.

സ്പീക്കർ സർക്കാരിന്റെ വ്യക്താവായി മാത്രം ചുരുങ്ങരുത്. എക്സിക്യുട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പുവരുത്തുന്നതിനുള്ള ഉപാധികളിൽ ഒന്നാണ് അടിയന്തര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സൂപ്രധാന അവകാശങ്ങളിൽ ഒന്നാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.