യു.ഡി.എഫ് പ്രവർത്തനത്തിൽ ആർ.എസ്.പിക്ക് അതൃപ്തി

Monday 20 March 2023 12:00 AM IST

തിരുവനന്തപുരം: യു.ഡി.എഫിന്റെ ഇപ്പോഴത്തെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ആർ.എസ്.പി. രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ കാര്യത്തിൽ യു.ഡി.എഫിന് വീഴ്ച സംഭവിക്കുന്നുണ്ടെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നിരവധി സംഭവവികാസങ്ങൾ ഉണ്ടായിട്ടും യു.ഡി.എഫ് യോഗം ചേർന്നിട്ടില്ല. മുൻകാലങ്ങളിലെ രീതി ഇതായിരുന്നില്ല. മറ്റന്നാൾ കൂടുന്ന യു.ഡി.എഫ് യോഗത്തിൽ പാർട്ടിയുടെ വിമർശനങ്ങൾ പറയും.

യു.ഡി.എഫിന്റെ പ്രവർത്തനങ്ങൾ കുറേക്കൂടി കാര്യക്ഷമമാക്കുകയും സമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും വേണമെന്നാണ് അഭിപ്രായം. നികുതി വർദ്ധനയ്ക്കെതിരായ ഇനിയുള്ള സമരം എങ്ങനെ വേണമെന്നതും തീരുമാനിച്ചിട്ടില്ല. ബ്രഹ്മപുരം വിഷയത്തിൽ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണ്. കോടതിയുടെ വാക്കാലുള്ള പരാമർശത്തിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരുമൊക്കെ രാജി വച്ച ചരിത്രമുള്ള കേരളത്തിൽ പിണറായി സർക്കാർ തുടരുന്നത് ധാർമ്മികമല്ല.

സ്വർണ്ണകള്ളക്കടത്തു കേസിലടക്കം പ്രതിസ്ഥാനത്ത് നിൽക്കുന്ന സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് നടത്തിയ പരാമർശം കേരളം കേട്ടതാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിലപാട് അറിയാൻ കേരള ജനതയ്ക്ക് അവകാശമുണ്ട്. വസ്തുനിഷ്ഠമായി പ്രതികരിക്കുന്നതിന് പകരം സമനില തെറ്റിയ രീതിയിൽ അതിവൈകാരികമായി വിഷയത്തെ വഴി തിരിച്ചു വിടുന്ന സമീപനമാണ് മുഖ്യമന്ത്രി തുടരുന്നത്.