കോൺഗ്രസ് പദയാത്രയ്ക്ക് നേരെ മുട്ടയേറ്: ഡി സി സി ജനറൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു

Monday 20 March 2023 12:35 AM IST

പത്തനംതിട്ട : എ.ഐ.സി.സി ജനറൽ സെക്രട്ടറി വിശ്വനാഥ പെരുമാൾ പങ്കെടുത്ത ഹാഥ് സേ ഹാഥ് ജോഡോ പദയാത്ര വലഞ്ചുഴിയിൽ തടസപ്പെടുത്താൻ ശ്രമിക്കുകയും പാർട്ടിക്കും നേതാക്കൾക്കും അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ കടുത്ത അച്ചടക്കലംഘനം നടത്തുകയും ചെയ്ത ഡി.സി.സി ജനറൽ സെക്രട്ടറി എം.സി. ഷെരിഫിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിർദേശപ്രകാരമാണ് നടപടി. സംഘടനയുടെ എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വലഞ്ചുഴിയിലൂടെ പദയാത്ര കടന്നുപോയപ്പോഴാണ് പത്തനംതിട്ട നഗരസഭ കൗൺസിലർ കൂടിയായ ഡി.സി.സി ജനറൽ സെക്രട്ടറി എം.സി.ഷെരീഫിന്റെ നേതൃത്വത്തിൽ മുട്ട എറിഞ്ഞത്. എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ തുടങ്ങിയവർ പങ്കെടുത്ത ജാഥയ്ക്ക് നേരെയായിരുന്നു ആക്രമണം.