മണ്ണ് ഖനനത്തിനെതിരെ പ്രതിഷേധിച്ച സി.എെ.ടി.യു നേതാവിനെതിരെ വധശ്രമം

Monday 20 March 2023 12:36 AM IST
പൂക്കോട് പട്ടംതറയിൽ മണ്ണ് ഖനനം ചെയ്യുന്ന സ്ഥലം

പത്തനംതിട്ട : നഗരസഭാപ്രദേശത്ത് നിന്ന് നിയമവിരുദ്ധമായി മണ്ണ് ഖനനം ചെയ്യുന്നത് നിരോധിക്കണമെന്ന് നഗരസഭാ കൗൺസിലിൽ ആവശ്യപ്പെട്ട കൗൺസിലർ അനിലാ അനിലിന്റെ ഭർത്താവ് സി.എെ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റുമായ കെ.അനിൽകുമാറിന് നേരെ വധശ്രമം. കഴിഞ്ഞ ദിവസം മണ്ണുകയറ്റി വന്ന ടോറസ് ലോറി വെട്ടിപ്രം മോടിപ്പടിയിൽ വച്ച് അനിൽകുമാറിന്റെ കാറിന് നേരെ ഒാടിച്ചുകയറ്റുകയായിരുന്നു. കാർ വെട്ടിച്ചു മാറ്റിയതിനാൽ രക്ഷപെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്നെ ലോറിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചവരെ അറസ്റ്റുചെയ്യണമെന്നും അനധികൃത മണ്ണ് ഖനനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അനിൽകുമാർ പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നൽകി. നഗരസഭ ഒന്നാംവാർഡിലെ പൂക്കോട് റോഡിൽ പട്ടംതറയിലാണ് അനധികൃത മണ്ണെടുപ്പ് നടക്കുന്നത്. മണ്ണെടുക്കുന്ന ഭൂമിയോട് ചേർന്ന് സ്കൂളും പൊതുസ്ഥാപനവുമുണ്ട്. പ്രദേശത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തുന്നതരത്തിലാണ് മണ്ണ് ഖനനമെന്ന് ആക്ഷേപമുണ്ട്. അനിൽകുമാറിന്റെ നേതൃത്വത്തിൽ മണ്ണെടുപ്പിനെതിരെ പ്രതിഷേധിച്ചു വരവെയാണ് ഭാര്യയും കൗൺസിലറുമായ അനിലാ അനിൽ നഗരസഭയിൽ വിഷയം ഉന്നയിച്ചത്. ഇതിന്റെ പിറ്റേന്നാണ് തന്നെ അപായപ്പെടുത്താൻ മണ്ണ് മാഫിയ ശ്രമിച്ചതെന്ന് അനിൽകുമാർ പറഞ്ഞു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്ന് പാസ് തരപ്പെടുത്തിയാണ് മണ്ണ് ഖനനം. അനുവദിച്ച തീയതിയും സമയവും കഴിഞ്ഞിട്ടും മണ്ണെടുപ്പ് തുടരുകയാണ്. ഒരു മല മുഴുവനും ഇടിച്ചു നിരത്തുകയാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഒാച്ചിറ ആസ്ഥാനമായ വിശ്വസമുദ്ര എക്സ്പ്രസ് വേയ്ക്കു വേണ്ടിയാണ് മണ്ണെടുക്കുന്നത് എന്നറിയുന്നു. അനിൽകുമാറിന്റെ പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് പത്തനംതിട്ട ഡിവൈ.എസ്.പി നന്ദകുമാർ പറഞ്ഞു.

നഗരസഭയിൽ കൗൺസിലറായ ഭാര്യ അനില വിഷയം

ഉന്നയിച്ചതിന് പിന്നാലെയാണ് സംഭവം