കാൻസർ രോഗികൾക്കായി മുടി നൽകി ഇതിഹാസ് അലി
വണ്ടൂർ: രണ്ടുവർഷമായി നീട്ടി വളർത്തുകയായിരുന്ന മുടി ഒടുവിൽ കാട്ടുമുണ്ട ഈസ്റ്റ് ഗവ. യു.പി സ്കൂൾ ആറാംതരം വിദ്യാർത്ഥിയായ ഇതിഹാസ്അലി വെട്ടിമാറ്റി. കാൻസർ രോഗികൾക്ക് നൽകാനായാണ് ഇതിഹാസ് മുടി നീട്ടിവളർത്തിയതും ഒടുവിൽ വെട്ടിയതും.
നടുവത്ത് പുത്തൻകുന്നിൽ ചുങ്കത്ത് ഷാനവാസ്, ലീനു ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഇതിഹാസ് അലി. കോഴിക്കോട് ഫാറൂക്ക് ഹെയർ ഡൊണേഷൻ സെന്ററിനാണ് മുടി കൈമാറിയത്. കൊവിഡ് കാലത്ത് വീട്ടിൽ അടച്ചിരുന്നപ്പോൾ കണ്ട സിനിമകളിൽ നിന്നും മറ്റുമാണ് ഇതിഹാസ് പ്രചോദനം ഉൾക്കൊണ്ടത്. സഹോദരങ്ങളായ ഇൽഹാം, ഐതിഹ് എന്നിവരും ഇതിഹാസിന് പിന്തുണ നൽകി. ഉമ്മുമ്മ ജുമൈലയാണ് മുടി നന്നായി കഴുകി ചീകി ഉണക്കി കെട്ടിവയ്ക്കാൻ സഹായിച്ചിരുന്നത്. മുടി രാവിലെ ചീകി ഉണക്കാൻ ബുദ്ധിമുട്ടായതിനാൽ കുളിയെല്ലാം വൈകിട്ടായിരുന്നു. രാവിലെ നന്നായി ചീകി കെട്ടിവച്ചാണ് സ്കൂളിൽ പോകുക. സ്കൂളിലെ അദ്ധ്യാപകരും മറ്റു കൂട്ടുകാരുമൊക്കെ നല്ല പിന്തുണയാണ് നൽകിയിരുന്നതെന്ന് ഇതിഹാസ്അലി പറഞ്ഞു.