വാപ്പച്ചിയുടെ നിയമപോരാട്ടങ്ങളുടെ ഭാഗമാകും: മഅ്ദനിയുടെ മകൻ

Monday 20 March 2023 12:00 AM IST

കൊച്ചി: ആദ്യം വാപ്പച്ചിയുടെയും ഉമ്മയുടെയും പേരിലുള്ള കേസുകൾ പഠിക്കാനാണ് തീരുമാനമെന്ന് പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയുടെ മകൻ സ്വലാഹുദ്ദീൻ അയ്യൂബി. അഭിഭാഷകനായി എൻറോൾ ചെയ്തശേഷം കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വലാഹുദ്ദീൻ. വാപ്പച്ചിയുടെ ആരോഗ്യനില നിലവിൽ ഗുരുതരമാണ്. ബംഗളൂരു വിട്ടുപോകാൻ സുപ്രീംകോടതിയുടെ അനുവാദമില്ലാത്തതിനാൽ വിദഗ്ദ്ധചികിത്സ നൽകാൻ സാധിക്കുന്നില്ല. ബംഗളൂരു വിട്ട് നാട്ടിലേക്ക് എത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഈ വിധി വന്നതിനുശേഷം പ്രാക്ടീസ് ആരംഭിക്കും. ആദ്യം വീട്ടിലെ കേസുകൾ പഠിച്ച് വാപ്പച്ചിയുടെ നിയമപോരാട്ടങ്ങളുടെ ഭാഗമാകും. നിരപരാധികളായവരുടെ കേസുകളും വാദിക്കണമെന്നാണ് ആഗ്രഹം. ആലുവ ചൂണ്ടി ഭാരത് മാതാ സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലാണ് സ്വലാഹുദ്ദീൻ പഠിച്ചത്. ഏറ്റവും പ്രധാനം വാപ്പച്ചിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കണമെന്നാണ്. ഇതിനായി മന്ത്രിമാ‌ർ, എം.എൽ.എമാർ, എം.പിമാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും സ്വലാഹുദ്ദീൻ പറഞ്ഞു. എപ്പോൾ വേണമെങ്കിലും സ്ട്രോക്ക് വരാമെന്ന സ്ഥിതിയിലാണ് മഅ്ദനിയെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ പറഞ്ഞു. പി.ഡി.പി കേന്ദ്രകമ്മിറ്റി അംഗം മുജീബ് റഹ്മാൻ, ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാല, എ.ഐ.സി.സി അംഗം സിമി റോസ്ബെൽ ജോൺ എന്നിവരും ഒപ്പമുണ്ടായിരുന്നു.

 ഓൺലൈനായി കണ്ട് മഅ്ദനി

മകൻ അഭിഭാഷകനാകുന്ന ചടങ്ങ് കളമശേരിയിലെ ആശിഷ് കൺവെൻഷൻ സെന്ററിൽ നടക്കുമ്പോൾ ബംഗളൂരുവിലെ ഫ്ളാറ്റിലിരുന്ന് മഅ്ദനി ഓൺലൈനായി ചടങ്ങ് കണ്ടു. ബന്ധു മുഹമ്മദ് റജീബാണ് ചടങ്ങ് മഅ്ദനിയെ ടാബിലൂടെ കാണിച്ചത്.

Advertisement
Advertisement