ബസുകളുടെ കുറവ്: ശബരിമല തീർത്ഥാടകർ വലഞ്ഞു

Monday 20 March 2023 12:37 AM IST

പമ്പ : മതിയായ ബസുകൾ സർവീസിന് ഇല്ലാത്തതിനെ തുട‌ർന്ന് കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടക‌‌ർ വലഞ്ഞു. മീനമാസ പൂജയുടെ അവസാന ദിനമായ ഇന്നലെയാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ ഇല്ലാത്തതുമൂലം ദർശനം കഴിഞ്ഞ് എത്തിയ തീർത്ഥാടക‌ർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നത്. ശനി, ഞായർ ദിവസങ്ങളിൽ ശബരിമലയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.

ദർശനം കഴിഞ്ഞ് ത്രിവേണിയിലെത്തിയ ഭക്തർക്ക് നിലയ്ക്കലേക്കും ചെങ്ങന്നൂർ ഉൾപ്പടെയുളള മറ്റ് സ്ഥലങ്ങളിലേക്കും പോകുന്നതിന് ബസുകൾ കിട്ടാതായി. നൂറുകണക്കിന് തീർത്ഥാടകർ കാത്തുനിൽക്കുമ്പോഴാണ് ഒരു ബസ് എത്തുക. ഇതിൽ ആളുകളെ കുത്തിനിറച്ചാണ് കൊണ്ടുപോകുന്നത്. മടക്കയാത്രയ്ക്കായി ട്രെയിൻ ടിക്കറ്ര് ബുക്കുചെയ്ത് എത്തിയവരാണ് ഏറെ വലഞ്ഞത്. ഇങ്ങനെ എത്തിയവർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി പരാതി പറഞ്ഞത് തർക്കത്തിൽ കലാശിച്ചു. തീർത്ഥാടകർക്ക് സഞ്ചരിക്കാൻ മതിയായ ബസുകൾ ലഭ്യമാക്കണമെന്നും അയ്യപ്പന്മാരെ ബസുകളിൽ നിറുത്തികൊണ്ടുപോകരുതെന്നുമുള്ള കോടതിയുടെ നിർദ്ദേശങ്ങളും ലംഘിക്കപ്പെട്ടു.