അദാനിയെ തൊട്ടതിന്റെ വേദനയെന്ന് കെ.സി. വേണുഗോപാൽ
കൊച്ചി: അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വേദനിക്കുമെന്നതിന്റെ തെളിവാണ് രാഹുൽഗാന്ധിയുടെ വസതിയിൽ ഡൽഹി പൊലീസ് എത്തിയതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി.
എൽ.ഐ.സി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പാപ്പരാക്കി അദാനിയെ സഹായിക്കാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഇടപെടുന്നത് രാഹുൽഗാന്ധി തെളിവുകളോടെ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി മറുപടി നൽകിയിട്ടില്ല. അദാനിയെ പ്രധാനമന്ത്രി സഹായിക്കുന്നത് പുറത്തു കൊണ്ടുവന്നതിലുള്ള അസ്വസ്ഥതയാണ് പൊലീസ് നടപടിയിൽ പ്രതിഫലിക്കുന്നത്.
ഭാരത് ജോഡോ യാത്രയിൽ രാഹുൽഗാന്ധി സ്ത്രീകൾക്കെതിരായ അതിക്രമം പരാമർശിച്ചത് ജമ്മുകാശ്‌മീർ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ്. രാഹുൽഗാന്ധിയെ പീഡിപ്പിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. പേടിപ്പിച്ച് പിന്മാറ്റാമെന്ന് നരേന്ദ്രമോദി കരുതേണ്ട. രാഹുൽഗാന്ധിയെ അപമാനിക്കാനുള്ള ശ്രമം കോൺഗ്രസ് പൊറുപ്പിക്കില്ല. അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും വേണുഗോപാൽ പറഞ്ഞു.