വേനലിൽ പിടിമുറുക്കി ജല വിതരണ ലോബി; വെള്ളത്തിൽ കൊള്ള

Monday 20 March 2023 12:42 AM IST

പത്തനംതിട്ട : ജലക്ഷാമം രൂക്ഷമായ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണ ലോബി വേരുറപ്പിച്ചു. ഒരു ടാങ്ക് വെള്ളത്തിന് എഴുന്നൂറ് മുതൽ 1500 രൂപ വരെ വാങ്ങുന്നു. ഉയർന്നപ്രദേശങ്ങളിലെ വീടുകളും കോളനികളും കേന്ദ്രീകരിച്ചാണ് വെള്ളം നൽകി വൻതുക വാങ്ങുന്നത്. പൈപ്പുലൈനിലൂടെ വെള്ളം എത്താത്ത മേഖലകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം.

ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളം പമ്പുചെയ്യുന്ന വാട്ടർ അതോറിറ്റിയിലെ ചില പമ്പ് ഓപ്പറേറ്റർമാരും വാട്ടർ അതോറിറ്റി ജീവനക്കാരും കുടിവെള്ള വിതരണ ലോബിയും ഒന്നിച്ചുള്ള ഏർപ്പാടാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്. ജില്ലയിൽ മലയാലപ്പുഴ, വള്ളിക്കോട്, പ്രമാടം, തണ്ണിത്തോട്, കടമ്പനാട്, നാരങ്ങാനം പഞ്ചായത്തുകളിലാണ് കുടിവെള്ള ലോബി വലിയ തോതിൽ പ്രവർത്തിക്കുന്നത്.

നേരത്തെ ഒരു പ്രദേശത്തേക്ക് ആഴ്ചയിൽ രണ്ടോമൂന്നോ ദിവസം വീതം വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിലൂടെ വെള്ളം വിതരണം ചെയ്തിരുന്നു. എല്ലായിടത്തേക്കും ഒന്നിച്ച് വിതരണം ചെയ്താൽ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തില്ലെന്നു കണ്ടാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. ഇത് അട്ടിമറിച്ച് എല്ലായിടത്തേക്കുമുള്ള പൈപ്പുകളുടെ വാൽവുകൾ ഇപ്പോൾ തുറക്കുന്നുണ്ട്. ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തണമെങ്കിൽ മറ്റിടങ്ങളിലേക്കുളള പൈപ്പു ലൈൻ വാൽവുകൾ അടയ്ക്കേണ്ടതുണ്ട്. ഉയർന്ന സ്ഥലങ്ങളിലെ ടാങ്കുകളിലേക്ക് വെള്ളം ശക്തിയായി പമ്പ് ചെയ്യാൻ ഇതിലൂടെ സാധിക്കും.

വള്ളിക്കോട് പഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാ വാൽവുകളും ഒന്നിച്ചു തുറന്നത് കുടിവെള്ള ലോബിയുടെ അട്ടിമറിയാണെന്ന് ആക്ഷേപം ശക്തമായിരുന്നു. വാഴമുട്ടം ഈസ്റ്റ്‌ തേക്കുംകൂട്ടത്തിൽ കോളനി, പള്ളിമുരുപ്പ്, മൂർത്തി മുരുപ്പ്, നരിയാപുരം എന്നിവിടങ്ങളിൽ ഒരു മാസത്തിലേറെയായി വെള്ളം എത്തിയിരുന്നില്ല. നാട്ടുകാർ ടാങ്കർ ലോറികളിലെ ജലവിതരണക്കാരെ ആശ്രയിച്ചു. ഇവിടെ പൈപ്പ് ലൈനിലൂടെ സ്ഥിരമായി വെള്ളം ലഭിക്കാതായതോടെ നാട്ടുകാർ സമര രംഗത്തിറങ്ങി. വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ പൈപ്പിലൂടെ കുടിവെള്ളമെത്തി.

ഞൊടിയിടയിൽ വെള്ളം

ഏതുസമയത്തും ടാങ്കുകളിൽ വെള്ളം എത്തിക്കാൻ ഒരു സംഘം തയ്യാറാണ്. ഒറ്റ ഫോൺ കോളിൽ അധികം വൈകാതെ വെള്ളം എത്തിക്കും. ചെറിയ ടാങ്കിന് 750 രൂപയും വലിയ ടാങ്കിന് 1200 മുതൽ 1500 രൂപവരെയും ഇൗടാക്കുന്നു. വെള്ളം എവിടെ നിന്നാണ് എത്തിക്കുന്നത് എന്നതിന് വ്യക്തമായ ഉത്തരമില്ല. ശുദ്ധീകരിക്കാത്ത വെള്ളം എത്തിക്കുന്നതായി പരാതികളുണ്ട്.

സന്നദ്ധ സംഘടനകളില്ല

അതിരൂക്ഷമായ കുടിവെള്ളം ക്ഷാമം നേരിടുന്ന ഉയർന്ന പ്രദേശങ്ങളിൽ ജലവിതരണത്തിന് സന്നദ്ധസംഘടനകളോ രാഷ്ട്രീയ പാർട്ടികളോ സജീവമല്ലെന്ന് ആക്ഷേപമുണ്ട്. ഇൗ അവസരമാണ് ടാങ്കർ കുടിവെള്ള ലോബി മുതലെടുക്കുന്നതെന്ന് ആക്ഷേപങ്ങളുണ്ട്.

'' വാട്ടർ അതോറിറ്റി കൃത്യമായി ഇടവേളകളിൽ ജലവിതരണം നടത്തിയാൽ പ്രശ്നം പരിഹരിക്കാം. ഇപ്പോഴുണ്ടായ പ്രതിസന്ധിക്ക് പിന്നിൽ കുടിവെള്ള വിതരണ ലോബിയെ സഹായിക്കാൻ ഉദ്യോഗസ്ഥർ അറിഞ്ഞുകൊണ്ടുള്ള ഒത്തുകളിയാണ്.

പ്രകാശൻ, വാഴമുട്ടം ഈസ്റ്റ്

ഒരു ടാങ്ക് വെള്ളത്തിന് 700 മുതൽ 1500 രൂപ വരെ

Advertisement
Advertisement