കുരുവികൾക്ക് കുടിനീർ നൽകി സ്‌കൂൾ വാർഷികാഘോഷം

Monday 20 March 2023 12:45 AM IST

പള്ളിക്കൽ : ചുട്ടുപൊള്ളുന്ന വേനലിൽ കുരുവികൾക്ക് കുടിനീർ നൽകി പയ്യനല്ലൂർ ഗവ.എൽ.പി സ്കൂൾ വാർഷികാഘോഷത്തിന് തുടക്കം. കുട്ടികളിൽ സഹജീവി സ്‌നേഹം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന കുരുവിക്കൊരു തുള്ളി ചലഞ്ചിന്റെ മാവേലിക്കര സബ്ജില്ലാതല ഉദ്ഘാടനം കൂടിയാണ് സ്‌കൂളിൽ നടന്നത്. സംസ്ഥാന അദ്ധ്യാപക, വനമിത്ര അവാർഡ് ജേതാവും സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനുമായ എൽ.സുഗതൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കണ്ണമത്ത് സുനിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ആർ.രതി മുഖ്യപ്രഭാഷണം നടത്തി. നാലാം ക്‌ളാസിലെ കുട്ടികൾ തയാറാക്കിയ കവിതാസമാഹാരത്തിന്റെ പ്രകാശനം നടന്നു. സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു മുതുകുളം, ബി.ആർ.സി കോർഡിനേറ്റർ രാധിക പയ്യനല്ലൂ, എച്ച്.എസ് ഹെഡ്മാസ്റ്റർ ജയകുമാരപണിക്കർ, അനു, ഹിമ, സ്റ്റാഫ് പ്രതിനിധി സ്മിത എന്നിവർ സംസാരിച്ചു.