ഈ മേഖലയിൽ പണിയെടുക്കുന്ന 50 ശതമാനം പ്രവാസികൾക്ക് ജോലി നഷ്ടമാകും; സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങി സൗദി

Monday 20 March 2023 12:01 AM IST

റിയാദ്: സൗദി അറേബ്യയിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണം പുതിയൊരു മേഖലയെ കൂടി ബാധിക്കും. കണ്ണട സംബന്ധിച്ച ചില തസ്തികകളിൽ ഇനി മുതൽ സൗദി പൗരന്മാർക്കായിരിക്കും 50 ശതമാനം നിയമനം. മെഡിക്കൽ ഒപ്റ്റോമെട്രിസ്റ്റ്, കണ്ണട ടെക്നീഷ്യൻസ് എന്നീ തസ്തികകളിലെ പ്രവാസികൾക്കായിരിക്കും ഇതോടെ ജോലി നഷ്ടമാവുക.

സ്വദേശിവത്കരണം നടപ്പിലാക്കാനായി സർക്കാർ നിശ്ചയിച്ചിരുന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായും രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ബാധകമാണെന്നും മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അടുത്ത ഘട്ടമായി കൂടുതൽ മേഖലകളിലേയ്ക്ക് പദ്ധതി വ്യാപിപ്പിക്കും. നാലോ അതിലധികമോ തൊഴിലാളികളടങ്ങുന്ന പ്രസ്തുത തസ്തികയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്. സൗദി കമ്മീഷൻ ഫോ‌ർ ഹെൽത്ത് സ്പെഷ്യാലിറ്റിയിൽ നിന്ന് പ്രൊഫഷണൽ അക്രഡിറ്റേഷൻ ഉള്ളവരെയാണ് തസ്തികകളിൽ നിയമിക്കേണ്ടത്.