എഴുകോൺ ഇ.എസ്.ഐയിൽ പ്രഹസനമായി ആയുർവേദ വിഭാഗം

Monday 20 March 2023 12:16 AM IST
എഴുകോൺ ഇ.എസ്.ഐ

എഴുകോൺ : കിടത്തി ചികിത്സ വേണ്ടവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാൻ മാത്രം ഒരു ആശുപത്രിയുണ്ട്. എഴുകോൺ ഇ.എസ്.ഐ ആശുപത്രിയിലെ ആയുർവേദ വിഭാഗത്തിനാണ് ഈ ഗതികേട്. കിടക്കകൾ പത്തെണ്ണം ഉണ്ടെങ്കിലും കിടത്തി ചികിത്സിക്കാൻ സംവിധാനങ്ങളില്ല. ജീവനക്കാരുടെ കുറവാണ് പ്രധാന പ്രശ്നം. ഒരു താത്കാലിക ഡോക്ടർ ഉൾപ്പടെ രണ്ട് പേരുടെ സേവനമാണ് രോഗികൾക്ക് ലഭിക്കുന്നത്. കുറഞ്ഞത് 60 രോഗികളെങ്കിലും ദിവസവും ഒ.പിയിൽ എത്താറുണ്ട്. കിടത്തി ചികിത്സ വേണ്ടവരെ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയേ നിവർത്തിയുള്ളു.

സാധാരണക്കാരുടെ ആശ്രയം

നാല് മാസിയർ(തടവുകാർ), മൂന്ന് നഴ്സുമാ‌ർ, ഒരു ഫാർമസിസ്റ്റ് എന്നിങ്ങനെയാണ് ഇവിടെ തസ്തികകളുള്ളത്. ഈ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒരു വനിതാ മാസിയർ സ്റ്റാഫിനെ ഉപയോഗിച്ച് സ്ത്രീ രോഗികൾക്ക് തടവലും ഉഴിച്ചിലുമടക്കം നടത്താറുണ്ടെങ്കിലും ഫലപ്രദമല്ല. കശുഅണ്ടി മേഖലയിൽ നിന്നുള്ള പാവപ്പെട്ടവരും സാധാരണക്കാരുമായ തൊഴിലാളികളാണ് ഇ.എസ്.ഐയിൽ കൂടുതലായി ചികിത്സ തേടിയെത്തുന്നത്.

ആഘോഷമായ തുടക്കം

എഴുകോൺ ഇ.എസ്.ഐയിൽ 2013ലാണ് ആയുർവേദ വിഭാഗം സജീവമായത്. മതിയായ കെട്ടിട സൗകര്യവും കിടത്തി ചികിത്സാ സംവിധാനങ്ങളും മരുന്നും ഉപകരണങ്ങളുമൊക്കെ ഒരുക്കിയതോടെ ജനങ്ങൾക്ക് വലിയ ആശ്വാസമായി. കരാർ ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് വർഷം നല്ല നിലയിൽ പ്രവർത്തിച്ചു. 26 കരാർ ജീവനക്കാർ വരെ ഉണ്ടായിരുന്നു. ആശുപത്രി സൂപ്രണ്ടും ഡോക്ടർമാരും തമ്മിലുള്ള ചില്ലറ പിണക്കങ്ങൾ പ്രശ്നം വഷളാക്കി. ഏജൻസിയുടെ കരാർ കാലാവധി കഴിഞ്ഞെങ്കിലും നൽകിയില്ല. ഇതോടെ 26 താത്കാലിക ജീവനക്കാരും പുറത്തായി. ഇവരെ പിരിച്ചുവിട്ടതോടെ ആയുർവേദ വിഭാഗത്തിന്റെ കാലക്കേടു തുടങ്ങി. കിടത്തി ചികിത്സ ഇല്ലാതായി. വിവിധ അസുഖങ്ങളുമായി ചികിത്സ തേടിയെത്തുന്നവർ നിരാശയോടെ മടങ്ങുന്നത് പതിവായി.