തങ്കശേരി ബ്രേക്ക് വാട്ടർ പാർക്ക് തുറക്കാൻ ധാരണ

Monday 20 March 2023 12:37 AM IST

കൊല്ലം: നിർമ്മാണം പൂർത്തിയായെങ്കിലും അടഞ്ഞുകിടന്ന തങ്കശേരി ബ്രേക്ക് വാട്ടർ പാർക്ക് സന്ദർശകർക്കായി തുറന്നുനൽകാൻ ധാരണയായി. എം.മുകേഷ് എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ ടൂറിസം ഡയറക്ടർ, ഹാർബർ ചീഫ് എൻജിനിയർ എന്നിവർ നടത്തിയ ചർച്ചയിലാണ് പാർക്ക് തുറക്കാൻ ധാരണയായത്.

പ്രവേശന ഫീസ് ടൂറിസം വകുപ്പിനും പാർക്കിംഗ് ഫീസ് തുറമുഖ വകുപ്പിനും ലഭിക്കും. പാർക്ക് പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നിലവിൽ തുറമുഖ വകുപ്പിനാണെങ്കിലും ഭാവിയിൽ ടൂറിസം വകുപ്പിന് കൈമാറുന്നതിന് റവന്യൂ വകുപ്പ് നടപടിയെടുക്കും. പാർക്ക് അടഞ്ഞു കിടക്കുന്നത് സംബന്ധിച്ച് കേരളകൗമുദി നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.

പരിപാലന തർക്കം വൈകിപ്പിച്ചു

പരിപാലന കാര്യത്തിൽ വകുപ്പുകൾ തമ്മിലുള്ള തർക്കമാണ് പാർക്ക് തുറക്കൽ വൈകിപ്പിച്ചത്. തുറമുഖ വകുപ്പിന്റെതാണ് ഭൂമി. ടൂറിസം വകുപ്പാണ് പാർക്ക് നിർമ്മിച്ചത്. നിർമ്മാണ നേതൃത്വം തുറമുഖവകുപ്പിനായിരുന്നു. സംയുക്ത പദ്ധതിയായതിനാൽ ഇരുവകുപ്പുകളുടെയും പങ്കാളിത്തം വേണമെന്ന് സർക്കാരിന്റെ പരിഗണനയ്ക്ക് വന്നെങ്കിലും തീരുമാനം നീളുകയായിരുന്നു.

പദ്ധതി ചെലവ് ₹ 5.55 കോടി

സൗകര്യങ്ങൾ

 സൈക്കിൾ ട്രാക്ക് ഉൾപ്പെടെ കുട്ടികൾക്കുള്ള പാർക്ക്

 ഇരിപ്പിടങ്ങളും അലങ്കാര വിളക്കുകളും വ്യൂ ഡെക്കും

 ഇരുന്നൂറോളം പേർക്കിരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം

 നാല് കിലോമീറ്റർ വരുന്ന പുലിമുട്ടിലൂടെ സവാരി

 ഇൻഫർമേഷൻ സെന്റർ, റസ്റ്റോറന്റ്, കിയോസ്കുകൾ

Advertisement
Advertisement