ആരോഗ്യവകുപ്പിന്റെ നീക്കം കേന്ദ്രം തടഞ്ഞു: 500 ഫാർമസിസ്റ്റുകൾക്ക് അവസരം ഒരുങ്ങുന്നു 

Monday 20 March 2023 1:02 AM IST


കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽ ഫാർമസിസ്റ്റുകൾ നിർബന്ധം

തിരുവനന്തപുരം: ഫാർമസിസ്റ്റുകളെ ഒഴിവാക്കി കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിലൂടെ 78 ഇനം മരുന്നുകൾ വിതരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് കേന്ദ്രം താഴിട്ടു. ഇതോടെ 500 ഫാർമസിസ്റ്റുകൾക്ക് ജോലി ലഭിക്കാൻ വഴിയൊരുങ്ങി.

ഫാർമസിസ്റ്റുകളില്ലാതെ മരുന്ന് വിതരണം ചെയ്യുന്നത് ഫാർമസി ആക്ട് 42ന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രാർ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും കത്തയച്ചു. ഫെഡറേഷൻ ഒഫ് ഇന്ത്യൻ ഫാർമസിസ്റ്റ് ഓർഗനൈസേഷൻ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിലൂടെയുള്ള മരുന്നുവിതരണം അവതാളത്തിലായി.

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിലവിലുള്ള ഫാ‌ർമസിസ്റ്റുകൾ നേരിടുന്ന ജോലിഭാരത്തെക്കുറിച്ചും മരുന്നുവിതരണത്തിനുള്ള പുതിയ നീക്കം സംബന്ധിച്ചും കേരളകൗമുദി വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. എച്ച് വൺ വിഭാഗത്തിലെ മരുന്നുകളും ഗർഭിണികൾ,പ്രായമായവർ,ഗുരുതരരോഗികൾ,കുട്ടികൾ,ജീവിതശൈലീ രോഗികൾ എന്നിവർക്കുള്ള മരുന്നുകളും വാങ്ങാനായി വിദൂരസ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് വീടിനു സമീപത്തെ ഉപകേന്ദ്രങ്ങളിലൂടെ മരുന്ന് ലഭ്യമാക്കുന്നത്. 13 ആന്റിബയോട്ടിക്കുകൾ ഉൾപ്പെടെ ഉപകേന്ദ്രങ്ങൾ വഴി നൽകാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം.

ഫാർമസിസ്റ്റുകളെ ഒഴിവാക്കി പകരം ഉപകേന്ദ്രങ്ങളിലുള്ള മിഡ് ലെവൽ സർവീസ് പ്രൊവൈഡർ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ,ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരിലൂടെ മരുന്ന് വിതരണം ചെയ്യാനുള്ള മാർഗനിർദ്ദേശം ആരോഗ്യവകുപ്പ് ഡയറക്ടർ പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് വിഷയം കേന്ദ്ര ഫാർമസി കൗൺസിലിനു മുന്നിലെത്തിയത്.

സംസ്ഥാനത്തെ അയ്യായിരത്തോളം കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളിൽനിന്ന് ആദ്യഘട്ടത്തിൽ 500 എണ്ണത്തിലൂടെ മരുന്ന് വിതരണം നടത്താനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 4വരെ പ്രവർത്തിക്കുന്ന ഉപകേന്ദ്രങ്ങളിൽ മുഴുവൻ സമയ ഫാർമസിസ്റ്റ് വേണ്ടിവരും. സ്ഥിര നിയമനം വേണോ താത്കാലികക്കാർ മതിയോ തുടങ്ങിയ കാര്യങ്ങൾ സർക്കാരിനു തീരുമാനിക്കാം. നിയമം ലംഘിക്കുന്നത് ശിക്ഷാർഹമാണെന്നും കത്തിൽ കേന്ദ്ര ഫാർമസി കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുറ്റം, ശിക്ഷ, പ്രതിസന്ധി

1. ഉപകേന്ദ്രങ്ങളിലെ ജീവനക്കാരെ ആരോഗ്യവകുപ്പാണ് നിയമിക്കുന്നതെങ്കിലും നിലവിലുള്ള നിയമം അനുസരിച്ച് തൊഴിൽച്ചട്ടം ലംഘിക്കുന്നവരിലേക്കാണ് കുറ്റവും ശിക്ഷയും വന്നുചേരുന്നത്.

2.1948ലെ ഫാർമസി നിയമ പ്രകാരം ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾ നൽകുന്നതിനുള്ള അനുമതി രജിസ്റ്റേർഡ് ഫാർമസിസ്റ്റുകൾക്കു മാത്രം

3. ഡിപ്ലോമ ഇൻ ഫാർമസി, ബാച്ച്ലർ ഓഫ് ഫാർമസി,ഫാം ഡി കോഴ്സുകൾ പാസായി സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരാണ് രജിസ്റ്റേർഡ് ഫാർമസിസ്റ്റുകൾ

4. ഈ യോഗ്യതയില്ലാത്തവർ മരുന്ന് വിതരണം ചെയ്യുന്നത് ശിക്ഷാർഹം. ഫാർമസി നിയമം സെക്ഷൻ 42 പ്രകാരം 1000രൂപ പിഴയോ 6 മാസം തടവോ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കും

5000 ഉപകേന്ദ്രങ്ങൾ

കുടുംബാരോഗ്യകേന്ദ്രം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ആരോഗ്യസേവനങ്ങൾ നൽകുന്നവയാണ് ഉപകേന്ദ്രങ്ങൾ. നിലവിൽ സംസ്ഥാനത്ത് 958 കുടുംബാരോഗ്യകേന്ദ്രളാണുള്ളത്. ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിനുകീഴിലും ശരാശരി അഞ്ച് ഉപകേന്ദ്രങ്ങളുണ്ടാകും.

മരുന്ന് വിതരണം സങ്കീർണമായ നടപടിയാണ്.ആധികാരികമായി പഠിച്ച ഫാർമസിറ്റുകളുടെ ജോലിയാണത്. നിയമം കർശനമായി പാലിക്കണമെന്ന കേന്ദ്ര നിർദ്ദേശം സംസ്ഥാനത്തിന് മറികടക്കാനാകില്ല.

-ഒ.സി.നവീൻ ചന്ദ്

പ്രസിഡന്റ്,

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ

Advertisement
Advertisement