പോക്കറ്റ് മണിക്കായി പശുക്കളെ വളർത്തി, സജീഷിന്റെ മാസവരുമാനം 2 ലക്ഷം

Monday 20 March 2023 1:07 AM IST
സജീഷ് പശുപരിപാലനത്തിനിടെ

തൃശൂർ: ബി.കോം കഴിഞ്ഞുനിൽക്കുമ്പോൾ പോക്കറ്റുമണി സ്വരൂപിക്കാനായി ഒരു കറവപ്പശുവിനെ വാങ്ങാൻ തീരുമാനിച്ച സജീഷിന്റെ ഫാമിൽ ഇപ്പോൾ 51 പശുക്കളുണ്ട്. മാസവരുമാനം രണ്ടു ലക്ഷം രൂപ.

അച്ഛന്റെ സഹായത്തോടെ 'ഹോൾസ്റ്റീൻ ഫ്രീഷ്യൻ" എന്ന വിദേശയിനം കറവപ്പശുവിനെയാണ് ആദ്യം വാങ്ങിയത്. പ്രതിദിനം ലഭിച്ചത് 21 ലിറ്റർ പാൽ. വിറ്റുവരവ് 1,200 രൂപ. വെങ്ങിണിശ്ശേരി കൊട്ടുങ്ങൽ വീട്ടിൽ സജീഷിന് തൃശൂരിലെ മികച്ച ക്ഷീരകർഷകനുള്ള മൃഗസംരക്ഷണ വകുപ്പിന്റെ പുരസ്‌കാരവും ലഭിച്ചു. വിദൂര വിദ്യാഭ്യാസത്തിലൂടെ അതിനിടെ എം.ബി.എയും നേടി.

കുടുംബസ്ഥലത്ത് ഒന്നര ഏക്കറിലാണ് വിവിധയിനം പശുക്കളുടെ ഫാം. ഏഴേക്കറിൽ പുൽക്കൃഷിയുമുണ്ട്. ക്ഷീരകർഷകനായ ബന്ധുവാണ് പ്രചോദനമായത്. കറവയും പുല്ലുവെട്ടുമുൾപ്പെടെ ആദ്യം സ്വയം ചെയ്ത സജീഷ് വരുമാന സാദ്ധ്യത തെളിഞ്ഞതോടെ അച്ഛന്റെ ധനസഹായത്തിൽ ആറു പശുക്കളെക്കൂടി വാങ്ങി. എട്ടു പശുക്കളാകുന്നതുവരെ സജീഷ് തനിച്ചായിരുന്നു പരിപാലനം. ഇപ്പോൾ 10 ജീവനക്കാരുണ്ട്. തടി, ഫർണിച്ചർ ബിസിനസിൽ അച്ഛനെ സഹായിക്കാനും ഇരുപത്തിയാറുകാരനായ സജീഷ് സമയം കണ്ടെത്തും. പശുക്കളുടെ രജിസ്റ്റർ സൂക്ഷിക്കാൻ ഭാര്യ ശ്രീമോളും സഹായിക്കാറുണ്ട്. അച്ഛൻ: സുരേഷ്. അമ്മ : ശ്രീദേവി. സഹോദരി : സ്വാതി.

പ്രതിദിനം 500 ലിറ്റർ

പ്രതിദിനം 500 ലിറ്റർ പാൽ ലഭിക്കും. ചില്ലറയായി വിൽക്കുമ്പോൾ മൊത്തവില്പനയെക്കാൾ ലിറ്ററിന് 10-15 രൂപ കൂടുതൽ ലഭിക്കും.15 ലിറ്ററോളം മിൽമയ്ക്കും നൽകുന്നുണ്ട്.

ഫാമിലുള്ളത്

കറവപ്പശു 51 കുട്ടികൾ 15 കിടാരി 5 മുട്ടക്കോഴി 100 താറാവ് 25

ബിസിനസിൽ കഴിവ് തെളിയിക്കണമെന്ന മോഹം സഫലമായി. പാലുത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിൽക്കാനാണ് അടുത്ത ശ്രമം.

സജീഷ്