വേനലായാൽ കടവൂരിൽ കുടിവെള്ളമില്ല
കുഴൽക്കിണർ തകർന്നത് തിരിച്ചടി
കൊല്ലം : വേനൽ രൂക്ഷമായതോടെ കടവൂരും പരിസരവും കടുത്ത കുടിവെള്ളക്ഷാമത്തിൽ അമർന്നു. ഉയർന്ന പ്രദേശങ്ങളായ ചാമയിൽ ഭാഗം, സി.കെ.പി, പുത്തൻവിള എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷമായത്.
നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ മിക്ക വീടുകളിലും കിണറുകൾ ഉണ്ടെങ്കിലും ഭൂരിഭാഗവും ഇതിനകം വറ്റി വരണ്ടു. പിന്നെയുള്ള ആശ്രയം പെെപ്പ് വെള്ളമാണ്. എന്നാൽ, പ്രദേശത്ത് വെള്ളമെത്തിക്കുന്ന പരപ്പട്ട് പമ്പ് ഹൗസിലെ കുഴൽ കിണറിന്റെ അടിഭാഗം തകർന്നതോടെ അതും കിട്ടാതായി.
വേനൽക്കാലത്ത് പമ്പ് ഹൗസിലെ കുഴൽക്കിണറിന്റെ മോട്ടോർ താഴ്‌ത്തി വെള്ളം പമ്പുചെയ്യുക പതിവായിരുന്നു. കിണറിലെ ജലനിരപ്പ് കുറയുന്നത് അനുസരിച്ച് ഇത്തരത്തിൽ താഴ്‌ത്തിയുള്ള പമ്പിംഗും നടന്നുവന്നു. അപ്പോഴാണ് കുഴൽക്കിണറിന്റെ അടിഭാഗത്തെ പെെപ്പ് പൊട്ടിയത്. ഇതോടെ, പമ്പിൽ ചെളി അടിയുമെന്നതിനാൽ ഒരു പരിധിക്ക് അപ്പുറം മോട്ടോർ താഴ്‌ത്താൻ കഴിയാത്ത സ്ഥിതിയായി. തുടർന്ന് കിണറിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ഇനിയൊരു അറ്റകുറ്റപ്പണിക്ക് സാദ്ധ്യതയില്ലെന്നാണ് കിണർ പരിശോധിച്ച ശേഷം
വാട്ടർ അതോറിട്ടി അധികൃതർ അവസാനമായി പറഞ്ഞത്. ജലനിരപ്പ് ഉയർന്നാൽ സാധാരണപോലെ പമ്പ് ചെയ്യാമെങ്കിലും വേനൽക്കാലത്ത് കിണർ ഉപയോഗ ശൂന്യമെന്ന് ചുരുക്കം.
പുതിയ കിണറിനായി കാത്തിരിപ്പ്
വേനൽക്കാലത്തെ ദുരിതത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് എം.എൽ.എ ഫണ്ടിൽ നിന്ന് പുതിയ കുഴൽക്കിണറിന് തുക അനുവദിച്ചത്. എന്നാൽ, പലതവണ ടെണ്ടർ ക്ഷണിച്ചെങ്കിലും നിർമ്മാണം ഏറ്റെടുക്കാൻ ആരും വന്നില്ല.ഒടുവിൽ കരാറായെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. കരാറെടുത്തയാൾ ഏറ്റെടുത്ത മറ്റുജോലികൾ പലയിടങ്ങളിലും തീരാനുള്ളതിനാലാണ് കുഴൽക്കിണർ നിർമ്മാണം
നീണ്ടുപോകുന്നത്. നിർമ്മാണത്തിനുള്ള പെെപ്പിനെ ചൊല്ലിയുള്ള ആശയക്കുഴപ്പവും നടപടികൾ നീണ്ടുപോകാൻ കാരണമായി.
ആരോഗ്യകേന്ദ്രത്തിനും രക്ഷയില്ല
കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥാപനങ്ങളിൽ തൃക്കടവൂർ പി.എച്ച്.സിയും ഉൾപ്പെടും.
കടുത്ത വേനലിൽ ഭൂഗർഭ ജലനിരപ്പ് താഴ്ന്നതോടെ വെള്ളം പമ്പ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. മൂന്നും നാലും ദിവസം കൂടുമ്പോൾ കുടിവെള്ളവുമായി എത്തുന്ന കോർപ്പറേഷന്റെ ടാങ്കറുകളാണ് ആരോഗ്യകേന്ദ്രത്തിന്റെ ആശ്രയം. ഇങ്ങനെ ലഭിക്കുന്ന വെള്ളം ശേഖരിച്ചുവച്ചാണ് ഇവിടത്തെ ഉപയോഗം.