അരിക്കൊമ്പന് 'റേഷൻകട കെണി"

Monday 20 March 2023 1:28 AM IST
അരിക്കൊമ്പനെ പിടികൂടുന്നതിന് കോടനാട് പൂർത്തിയായ കൂട്

കുങ്കിയാനകളിലൊന്ന് ഇന്ന് ചിന്നക്കനാലിലെത്തും

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള കുങ്കിയാനകളിലൊന്ന് ഇന്ന് ചിന്നക്കനാലിലെത്തും. അരിക്കൊമ്പനെ പിടികൂടിയാൽ പാർപ്പിക്കുന്നതിനുള്ള കൂടിന്റെ നിർമ്മാണം കോടനാട് പൂർത്തിയായതിനെ തുടർന്നാണ് വിക്രമെന്ന കുങ്കിയാനയെ വയനാട് മുത്തങ്ങയിൽ നിന്ന് ചിന്നക്കനാലിലെത്തിക്കുന്നത്. അരികൊമ്പനെ പിടികൂടുന്നതിനായി ആകെ നാല് കുങ്കിയാനകളെയാണ് കൊണ്ടുവരുന്നത്. വരുംദിവസങ്ങളിൽ കോന്നി സുരേന്ദ്രൻ,​ കുഞ്ചു, സൂര്യൻ എന്നീ കുങ്കിയാനകളെയും മുത്തങ്ങയിൽ നിന്ന് കൊണ്ടുവരും. ഇതിന് പിന്നാലെ വനംവകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 26അംഗ ദൗത്യസംഘം ഇടുക്കിയിലെത്തും. 21ന് ചേരുന്ന വിവിധ വകുപ്പുകളുടെ ഉന്നതതല യോഗത്തിലായിരിക്കും അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നതിനുള്ള അന്തിമതീയതി തീരുമാനിക്കുക.

ചിന്നക്കനാൽ സിമന്റ് പാലത്തിന് സമീപം റേഷൻകടയ്ക്ക് സമാനമായ സാഹചര്യങ്ങൾ ഒരുക്കി, അരിക്കൊമ്പനെ ആകർഷിച്ച് പിടികൂടാനാണ് പദ്ധതി. മുമ്പ് അരികൊമ്പൻ തകർത്ത ഒരു വീട്ടിലാണ് താത്കാലിക റേഷൻകട ഒരുക്കുക. ഇവിടെ അരിയും അനുബന്ധ സാധനങ്ങളും സൂക്ഷിക്കും. ഭക്ഷണം പാകംചെയ്ത് ആൾത്താമസം ഉണ്ടെന്ന് തോന്നിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിച്ച് ആനയെ ആകർഷിക്കാനാണ് പദ്ധതി.

സിമന്റ്പാലത്ത് കെണി ഒരുക്കുന്ന വീടിനോട് ചേർന്നുള്ള കുറ്റിക്കാടുകൾ വെട്ടിനീക്കി. വരും ദിവസങ്ങളിൽ അടുപ്പുകൂട്ടി, അരി പാകം ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. ഇവിടേക്ക് എത്തുന്ന കൊമ്പനെ മയക്കുവെടി വച്ചശേഷം കുങ്കിയാനകളുടെ സഹായത്തോടെ പിടികൂടാനാവുമെന്നാണ് കരുതുന്നത്. നിലവിൽ സിമന്റ്പാലത്തിന്റെ സമീപമേഖലകളിൽ അരിക്കൊമ്പൻ തമ്പടിച്ചിട്ടുള്ളതായാണ് സൂചന. 30 അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേകസംഘം എട്ട് ടീമുകളായി തിരിഞ്ഞാവും പദ്ധതി നടപ്പിലാക്കുക. വനംവകുപ്പിനൊപ്പം വിവിധ വകുപ്പുകളുടെ സഹകരണവും ഏകോപിപ്പിക്കും. ആനയെ പിടികൂടാൻ ശ്രമിക്കുന്ന ദിവസങ്ങളിൽ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിക്കും.

2018ൽ അരിക്കൊമ്പനെ പിടികൂടാൻ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. അന്ന് മൂന്നുതവണ മയക്കുവെടി വച്ചിട്ടും ആന പൂർണമായും മയങ്ങാത്തതും കുങ്കിയാനകളിലൊന്നിന് കൃത്യമായ വിശ്രമം കിട്ടാതെ ജോലിക്കെത്തിച്ചതും തടസമായിരുന്നു.