തിരഞ്ഞെടുപ്പ്: അണിയറയിൽ നിന്ന് മീണ ഇനി അങ്കത്തിന്

Monday 20 March 2023 1:31 AM IST

തിരുവനന്തപുരം: കേരളത്തിൽ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് അണിയറയിൽ നിന്ന് ചുക്കാൻ പിടിച്ച മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ഇനി നേരിട്ട് അങ്കത്തിന്. സ്വന്തം മണ്ണായ രാജസ്ഥാനിൽ ഈ വർഷം ഒടുവിൽ നടക്കുന്ന

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിക്കുപ്പായം അണിയാനൊരുങ്ങുകയാണ് അദ്ദേഹം.

'ബി.ജെ.പിയിലും കോൺഗ്രസിലും നിന്നെനിക്ക് ക്ഷണമുണ്ട്. സമയമാകുമ്പോൾ തീരുമാനമെടുക്കും. "- ജയ്പൂരിലെ പുര ജോലന്ദയിലുള്ള ടിക്കാറാം മീണ ടെലഫോണിൽ കേരളകൗമുദിയോട് പറഞ്ഞു. ബി.ജെ.പിയോടാണ് അല്പം ആഭിമുഖ്യം കൂടുതൽ.

സവായ് മാധവ്പുർ ജില്ലയിലെ പട്ടികവർഗ സംവരണ മണ്ഡലമായ ബമൻവാസിലാണ് നോട്ടം. മീണ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ കോൺഗ്രസുകാരനാണ്. സർവീസിൽ നിന്ന് വിരമിച്ച ശേഷം ആത്മകഥയിലൂടെ രാഷ്ട്രീയ വിവാദത്തിന് തീ കൊളുത്തി കേരളം വിട്ട മീണ ഇപ്പോൾ രാജസ്ഥാനിലെ ഗ്രാമീണർക്കിടയിൽ സാമൂഹ്യ പ്രവർത്തനങ്ങളുമായി സജീവമാണ്.

സ്കൂളുകളിലും കോളേജുകളിലും മോട്ടിവേഷണൽ ക്ലാസുകളുമെടുക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല വിവാദം കത്തി നിന്നപ്പോൾ അയ്യപ്പന്റെ ചിത്രം വച്ചുള്ള ബി.ജെ.പി പ്രചാരണം പെരുമാറ്റച്ചട്ട ലംഘനമാണെന്ന ശക്തമായ നിലപാടെടുത്തയാളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മീണ.

 വിവാദമായ 'തോൽക്കില്ല ഞാൻ"

സർവീസിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം എഴുതിയ 'തോൽക്കില്ല ഞാൻ" എന്ന ആത്മകഥയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും, കോൺഗ്രസ് മുൻ മന്ത്രി ടി.എച്ച്. മുസ്തഫയ്ക്കുമെതിരെ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. തൃശൂർ കളക്ടറായിരിക്കെ വ്യാജക്കള്ള് നിർമാതാക്കൾക്കെതിരെ നടപടിയെടുത്തതിന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ട് സ്ഥലം മാറ്റിയെന്നും, പിന്നീട് വയനാട് കളക്ടറായപ്പോൾ നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നത്തിൽ സസ്പെൻഡ് ചെയ്തെന്നുമാണ് മീണയുടെ കുറ്റപ്പെടുത്തൽ. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും ആനുകൂല്യങ്ങളും തടഞ്ഞുവച്ചു. കരുണാകരൻ സർക്കാരിൽ സിവിൽസപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തു കൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാര ബുദ്ധിയോടെ പെരുമാറി. സർവീസ് ബുക്കിൽ മോശം കമന്റെഴുതി. അത് പിൻവലിപ്പിക്കാൻ മുഖ്യമന്ത്രി എ.കെ. ആന്റണിയെ കണ്ട് രണ്ട് തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും മീണ പുസ്തകത്തിൽ പറഞ്ഞു.

Advertisement
Advertisement